ഷാങ്ഹായ്: ചൈനീസ് വ്യവസായ ഭീമൻ ആലിബാബ കമ്പനിക്ക് വൻ പിഴ ചുമത്തി ചൈനീസ് സർക്കാർ. കുത്തക വിരുദ്ധ ലംഘനത്തിനാണ് പിഴ ചുമത്തിയത്. 275 കോടി രൂപയാണ് ആലിബാബ കമ്പനിക്ക് ചൈനീസ് സർക്കാർ പിഴ ചുമത്തിയത്. 2019 ലെ ആലിബാബയുടെ വരുമാനത്തിന്റെ നാല് ശതമാനത്തോളമാണ് ഈ തുക. ആലിബാബയുടെ ഉടമസ്ഥൻ ജാക്ക് മായുടെ സ്ഥാപനങ്ങൾ കുറച്ച് കാലമായി ചൈനീസ് സർക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റഗുലേഷൻ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ജാക്ക് മായുടെ കമ്പനിയുടെ 3700 കോടി വിലവരുന്ന ഐപിഒ അധികൃതർ നീക്കം ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 2015 മുതൽ മറ്റ് കമ്പനികളുടെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളുടെ ഉപയോഗം തടയാൻ ആലിബാബ ശ്രമിക്കുകയാണെന്നും സർക്കാർ ആരോപിക്കുന്നു. അതേസമയം സർക്കാരിന്റെ നടപടി അംഗീകരിക്കുന്നുവെന്ന് ആലിബാബ കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആലിബാബ സ്ഥാപകൻ ജാക്ക് മായ്ക്കും ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബറിൽ അപ്രത്യക്ഷനായ ജാക്ക് മാ 2021 ജനുവരിയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. പിന്നീടും അദ്ദേഹത്തെ കുറിച്ച് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല.
200ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആലിബാബ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പനക്കാരാണ്. ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനികളിലൊന്നുമാണ് ആലിബാബ. ഏറ്റവും വലിയ നിർമിത ബുദ്ധി കമ്പനികളിൽ ഒന്ന്, ഏറ്റവും വലിയ വെൻച്വർ ക്യാപിറ്റൽ കമ്പനികളിലൊന്ന്, ഏറ്റവും വലിയ നിക്ഷേപ കമ്പനികളിലൊന്ന് എന്നിവയുമാണ് ആലിബാബ കമ്പനി. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കസ്റ്റമർ വാണിജ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും ആലിബാബക്ക് കീഴിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...