കൊച്ചി : ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാത്രമാണ് വിരമിച്ചിട്ടുള്ളതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ബാക്കി മേഖലകളിൽ താൻ സജീവമായി തുടരുമെന്ന് അറിയിച്ച് വിരമിച്ച മലയാളി താരം എസ് ശ്രീശാന്ത്. കോച്ചിങ്ങും കമന്റേറ്ററായും ക്രിക്കറ്റിനൊപ്പം തന്നെ തുടരമെന്ന് ശ്രീശാന്ത് ഇന്ന് മാർച്ച് പത്തിന് മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ തന്റെ അനുഭവങ്ങളെ എല്ലാം ചേർത്തിണക്കി ആത്മക്കഥ രചിക്കാൻ ഒരുങ്ങുകയാണെന്ന് മുൻ ഇന്ത്യൻ പേസർ അറിയിച്ചു.
ആത്മക്കഥയിൽ തന്റെ ജീവിതവും ക്രിക്കറ്റിലെ അനുഭവങ്ങളെല്ലാം ചേർത്ത് തുറന്നെഴുതും. ഓണത്തിന് മുമ്പ് ആത്മക്കഥ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം വ്യക്തമാക്കി.
എന്നാൽ താൻ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. കരിയറില്‍ ആരോടും പരിഭവമോ പരാതിയോ ഇല്ല. ക്രിക്കറ്റിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടെന്നും സ്വമേധയാ വിരമിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് പകരം മറ്റാർക്കെങ്കിലും തന്റെ അനുഭവമുണ്ടായാൽ അവർ ചിലപ്പോൾ ഒളിച്ചോടി പോയേക്കാം. എന്നാൽ തനിക്ക് വീണ്ടും ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞു. ഗുജറാത്തിനെതിരെ കളിച്ചു വിരമിക്കണമെന്നായിരുന്നു ആഗ്രഹം അതിന് കഴിഞ്ഞില്ല. എന്നാൽ പക്ഷേ തനിക്ക് ഇതിനേക്കാൾ നല്ല നിലയിൽ വിരമിക്കാമായിരുന്നുവെന്നും ശ്രീ പറഞ്ഞു.
"ജീവിതം എപ്പോഴും ഈസിയാണ് അതിന് ഒരിക്കലും ഡിഫിക്കൽട്ട് ആക്കരുത്" ശ്രീശാന്ത് മാധ്യമങ്ങളോടായി പറഞ്ഞു.
നേരത്തെ 2015ൽ താൻ വിരമിക്കാൻ തീരുമാനിച്ചതാണെന്നും പക്ഷെ തിരിച്ചുവരണമെന്ന ആഗ്രഹത്തിന്മേൽ നടത്തിയ കഠിനധ്വാനമാണ് തന്നെ വീണ്ടും കേരള ടീമിൽ കാണാൻ സാധിച്ചതെന്നും ശ്രീ കൂട്ടിച്ചേർത്തു. കുടാതെ മലയാളിയായതിന്റെ പേരിൽ താൻ ഒരിക്കിലും അവഗണന നേരിട്ടിട്ടില്ല. കഴിവുണ്ടെങ്കിൽ ആരെയും ആർക്കും തടയാനാകില്ലയെന്നും മലയാളി താരം അഭിപ്രായപ്പെട്ടു.
വിരാട് കോലിയുടെ കീഴിൽ കളിക്കണമെന്നത് വലിയ ആഗ്രഹം ശ്രീ പങ്കുവെച്ചു. അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ ടീം അംഗങ്ങളുടെ പരമാവധി ഊർജ്ജം പുറത്തെടുപ്പിക്കാൻ ധോണിക്ക് പ്രത്യേക കഴിവുണ്ടായിരുന്നുയെന്ന് ശ്രീശാന്ത് പറഞ്ഞു.
തനിക്ക് മുമ്പില്‍ കോച്ചിങ് സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭാവിയില്‍ ഐപിഎല്‍ ടീമുകളില്‍ ഏതെങ്കിലും റോളില്‍ തന്നെ കണ്ടേക്കാം. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടന്നും ശ്രീശാന്ത് അറിയിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിച്ചു പക്ഷെ താനൊരു രാഷ്ട്രീയക്കാരനല്ല. സിനിമയിൽ സജീവമാകാൻ താല്‍പര്യമുണ്ട്. തമിഴ് സിനിമയിൽ നല്ല ചില അവസരങ്ങളുണ്ട്. വിജയ് സേതുപതിക്കൊപ്പം ഒരു ചിത്രം വരുന്നുണ്ട്. ചെറിയ റോളിലാണെങ്കിലു൦ സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ശ്രീ കൂട്ടിച്ചേർത്തു.
ഇന്നലെ മാർച്ച് ഒമ്പതിന് രാത്രിയോടെയാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി അറിയിക്കുന്നത്. പുതുമുഖങ്ങൾക്കായി താൻ മാറികൊടക്കുകയാണെന്ന് വ്യക്തമാക്കിയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും, 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും , 27 ടെസ്റ്റില്‍ നിന്നും 87 വിക്കറ്റും ശ്രീശാന്ത് നേടിയിട്ടുണ്ട്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.