Michael Phelps: ഒളിമ്പിക് മെഡലുകളെ വേട്ടയാടിയ 'സ്വർണമീൻ'; ഫെല്‍പ്‌സിനെ വെല്ലാൻ ഇന്നും ആളില്ല!

ഒളിമ്പിക്സിൽ  28 മെഡലുകളാണ് അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്സ് സ്വന്തമാക്കിയിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 01:35 PM IST
  • ഒളിമ്പിക്സിൽ നേടിയിട്ടുള്ളത് 28 മെഡലുകൾ
  • 2008ഒളിമ്പിക്സിലെ സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍
  • ലോകത്തിലെ ഏറ്റവും ധനികരായ കായിക താരങ്ങളില്‍ ഒരാൾ
Michael Phelps: ഒളിമ്പിക് മെഡലുകളെ വേട്ടയാടിയ 'സ്വർണമീൻ'; ഫെല്‍പ്‌സിനെ വെല്ലാൻ ഇന്നും ആളില്ല!

ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത് എല്ലാ കായിക താരങ്ങളുടെയും സ്വപ്നമാണ്. ആ സ്വപ്ന വേദിയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന അമേരിക്കൻ നീന്തൽ താരം. ഒളിമ്പിക്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയെന്ന റെക്കോർഡ് ഈ മുപ്പത്തിയൊമ്പതുകാരന്റെ കൈകളിലാണ്. ഫെല്‍പ്‌സ് ഒളിമ്പിക്സിൽ ആകെ നേടിയിട്ടുള്ളത് 28 മെഡലുകൾ. 23 സ്വര്‍ണ്ണം, 3 വെള്ളി, 2 വെങ്കലം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഒളിമ്പിക്‌സ് നേട്ടങ്ങള്‍. വിരമിച്ച് എട്ട് വർഷം പിന്നിട്ടെങ്കിലും ഫെല്‍പ്‌സിനെ മറികടക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.

പതിനൊന്ന് വയസ്സ് മുതല്‍ ബോബ് ബോമാന്റെ കീഴില്‍ പരിശീലനം നേടിയ ഫെൽപ്സ് 15-ാം വയസ്സിലാണ് തന്റെ ഒളിമ്പിക്‌സ് കരിയർ ആരംഭിക്കുന്നത്. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലായിരുന്നു ഫെൽപ്സിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ മെഡല്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. പീന്നീടുള്ള നാല് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരത്തിന് നീന്തലില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു.

Read Also: ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിയാനുള്ള കാരണങ്ങൾ അറിയാം

2012ലെ ഒളിമ്പിക്‌സിന് ശേഷം അദ്ദേഹം നീന്തല്‍ മത്സരത്തിൽ നിന്ന് വിരമിച്ചെങ്കിലും സ്പോർട്സിനോടുള്ള സ്‌നേഹം അദ്ദേഹത്തെ 2014ല്‍ തിരികെ എത്തിച്ചു. സ്വിമ്മിം​ഗിൽ നിന്ന് എന്നെന്നേക്കുമായി വിരമിക്കുന്നതിന് മുമ്പ് 2016 റിയോ ഒളിമ്പിക്‌സില്‍ അദ്ദേഹം അവസാനമായി ഒരിക്കല്‍ കൂടി മത്സരിച്ചു.

ഒളിമ്പിക്സിൽ മാത്രമല്ല ഫെൽപ്സ് വിജയങ്ങൾ കൊയ്തത്. 8 തവണ വേള്‍ഡ് സ്വിമ്മര്‍ ഓഫ് ദി ഇയര്‍, പതിനൊന്ന് തവണ അമേരിക്കന്‍ സ്വിമ്മര്‍ ഓഫ് ദി ഇയര്‍, 2012, 2016 വർഷങ്ങളിലെ ഫിന സ്വിമ്മര്‍ ഓഫ് ദ ഇയര്‍ തുടങ്ങി അദ്ദേഹം സ്വന്തമാക്കിയ പുരസ്കാരങ്ങൾ നിരവധിയാണ്. 2008 ലെ ഒളിമ്പിക് പ്രകടനത്തിന് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

നീന്തൽക്കുളത്തിലെ തന്റെ നേട്ടങ്ങളിലൂടെ സാമ്പത്തിക രം​ഗത്തും ഗണ്യമായ വര്‍ദ്ധനവ് കൊണ്ടു വരാൻ ഫെൽപ്സിന് സാധിച്ചു. ഏകദേശം 837 കോടി രൂപയുടെ ആസ്തിയാണ് ഫെൽപ്സിനുള്ളത്. ലോകത്തിലെ ഏറ്റവും ധനികരായ കായിക താരങ്ങളില്‍ ഒരാളായ ഫെൽപ്സ് നിലവിൽ മാനസികാരോ​ഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

മൈക്കല്‍ ഫെല്‍പ്‌സിന്റെ ജീവിതം എല്ലാ കായിക താരങ്ങള്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും അവിശ്വസനീയ നേട്ടങ്ങളും കായിക ലോകത്ത് എന്നും പ്രശംസിക്കപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News