സൗദി അറേബ്യൻ ക്ലബായ അൽ-ഹിലാലുമായി അർജീന്റൈൻ സൂപ്പർ താരം ലയണൽ മെസി കരാറിൽ ധാരണയായി എന്ന വാർത്ത തള്ളി താരത്തിന്റെ പിതാവ് ഹൊർഹെ. അത് അഭ്യൂഹം മാത്രമാണെന്ന് അറിയിച്ചുകൊണ്ട് താരത്തിന്റെ പിതാവ് പ്രസ്താവന പുറത്തിറക്കി. അടുത്ത സീസണിലേക്ക് ഒരു ക്ലബുമായും ധാരണയായിട്ടില്ല. ഇപ്പോൾ ഒരു തീരുമാനവും ഉണ്ടാകില്ല. നിലവിലെ സീസൺ അവസാനിച്ചതിന് ശേഷം മാത്രമെ തീരുമാനം എടുക്കൂ എന്ന് താരത്തിന്റെ പിതാവ് പ്രസ്താവനയിലൂടെ അറിയിച്ചു. പിഎസ്ജിയുമായിട്ടുള്ള നിലവിലെ സീസൺ അവസാനിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനങ്ങളും ഉണ്ടാകില്ലയെന്ന് മെസിയുടെ പിതാവ് ഉറപ്പും നൽകി.
"അടുത്ത വർഷത്തേക്ക് ഒരു ക്ലബുമായിട്ടും തീരുമാനം ഉണ്ടായിട്ടില്ല. പിഎസ്ജിയുമായുള്ള ലീഗ് പൂർത്തിയാക്കുന്നതിന് മുമ്പ് ഒരിക്കലും തീരുമാനം എടുക്കില്ല. സീസൺ അവസാനിച്ചു കഴിഞ്ഞാൽ, എന്താണ് ഉള്ളതെന്നും വിശകലനം ചെയ്യാനും ഒരു തീരുമാനമെടുക്കാനും എന്നതിനുള്ള സമയമാകും.
എപ്പോഴും അഭ്യഹങ്ങൾ ഉണ്ടാകാറുണ്ട്, അവ കുപ്രസിദ്ധി നേടാൻ മെസിയുടോ പേര് ഉപയോഗിക്കുന്നതാണ്, പക്ഷേ സത്യം ഒന്ന് മാത്രമാണ്, ആരുമായും ഒന്നും ധാരണയായട്ടില്ലെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ സാധിക്കും. അതിപ്പോൾ വാക്കാലോ കാരാറായോ ധാരണയായോ ഈ സീസൺ അവസാനിക്കുന്നത് വരെ ഉണ്ടാകില്ല" മെസിയുടെ പിതാവ് പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ : Lionel Messi: മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരവും മെസിയ്ക്ക്; സ്വന്തമാക്കിയത് അപൂർവ നേട്ടം
വമ്പൻ തുകയ്ക്ക് മെസി സൗദി പ്രോ ലീഗ് ക്ലബായ അൽ-ഹിലാലുമായി കരാറിൽ ഏർപ്പെടാൻ ഒരുങ്ങുന്നുയെന്ന് വാർത്ത ഏജൻസിയായ എഎഫ്പിയാണ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തത്. "മെസിയുടെ കരാർ ധാരണയാതാണ്, അടുത്ത സീസണിൽ താരം സൗദി അറേബ്യയിൽ കളിക്കും" കരാറുമായി അടുത്ത ബന്ധമുള്ള വൃത്തം വാർത്ത ഏജൻസിയോട് പറഞ്ഞു. മെസിയുടെ സൗദി സന്ദർശനവും അതിന് ശേഷം പിഎസ്ജി ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
അസാധാരണമായ വലിയ ഒരു കരാറാണ്. അന്തിമഘട്ടത്തിലെ ചില ചെറിയ കാര്യങ്ങളിൽ ധാരണയാകാൻ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് വൃത്തം പറഞ്ഞതായി എഎഎഫ്പി തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ജൂൺ 30 വരെയാണ് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെർമെയ്നുമായി അർജന്റൈൻ താരത്തിന് കരാറുള്ളത്. അതിന് ശേഷം മെസി ഫ്രീ ഏജന്റാകും. പിഎസ്ജിക്ക് താരവുമായി കരാർ നീട്ടണമെങ്കിൽ അതേ നേരത്തെ തന്നയാകാമായിരുന്നുയെന്ന് ഫ്രഞ്ച് ക്ലബുമായി അടുത്ത ബന്ധമുള്ള വൃത്തം പറഞ്ഞതായി എഎഫ്പി തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ആഴ്ചയിലാണ് ഖത്തരി ഉടമസ്ഥതയിലുള്ള പിഎസ്ജി മെസിയെ സൗദി സന്ദർശനത്തിന് പേരിൽ വിലക്കേർപ്പെടുത്തിയത്. ടീമിനെ അറിയിക്കാതെയാണ് അനൗദ്യോഗികമായി മെസി സൗദിയിലേക്ക് പോയത്. രണ്ടാഴ്ചത്തേക്കാണ് ലോകകപ്പ് നേടിയ താരത്തെ പിഎസ്ജി സസ്പെൻഡ് ചെയ്തത്. പിന്നാലെ തന്റെ പ്രവർത്തിയിൽ ക്ഷമാപണവും മെസി നടത്തുകയും ചെയ്തു.
ഇനി മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോര് സൗദി മണ്ണിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ. മെസിയുമായി ധാരണിയിലാകുന്ന അൽ-ഹിലാലിന്റെ ചിരകാല വൈരികളായ അൽ-നാസർ ക്ലബിലാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. ജൂൺ 2025 വരെയാണ് അൽ-നാസറുമായി പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ കരാർ. 400 മില്യൺ യുറോ എന്ന റെക്കോർഡ് തുകയ്ക്കാണ് അൽ-നാസർ റൊണാൾഡോയെ സൗദി മണ്ണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമെത്തിച്ചത്. ഫോർബ്സിന്റെ റിപ്പോർട്ട് പ്രകാരം ഒരു സ്പോർട്സ് താരം വാങ്ങുന്ന ഏറ്റവും ഉയർന്ന ശമ്പളമാണിത്. അതേസമയം റൊണാൾഡോയ്ക്ക് ലഭിക്കുന്നതിനെക്കാൾ 100 മില്യൺ അധികം യൂറോ നൽകാമെന്ന് നേരത്തെ അൽ-ഹിലാൽ ഒരു ഓഫർ മെസിക്ക് മുമ്പിൽ വെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലെത്തിയ മെസി അത്രകണ്ട സന്തുഷ്ടനായിരുന്നില്ല. മെസിയെക്കാൾ ഖത്തരി ഉടമസ്ഥതയിലുള്ള ക്ലബ് പരിഗണന നൽകിയിരുന്നത് ഫ്രഞ്ച് താരം കില്യയൻ എംബാപ്പെയ്ക്കായിരുന്നു. കൂടാതെ ബാഴ്സയ്ക്കായി നാല് തവണ ചാമ്പ്യൻസ് ലീഗ് ഉയർത്തിയ മെസിക്ക് ആ ലെഗസി പിഎസ്ജി കാഴ്ചവെക്കാൻ സാധിച്ചില്ല. നിലവിലെ സീസണിൽ ഫ്രഞ്ച് ക്ലബ് പ്രീ-ക്വാർട്ടറിൽ പുറത്താകുകയായിരുന്നു. ഇത് പിഎസ്ജി ആരാധകരെ ചൊടിപ്പിക്കുകയും മെസിക്കെതിരെ മുദ്രാവാക്യങ്ങള വിളിക്കുകയും ചെയ്തിരുന്നു. ഇതും താരത്തിന് ലീഗ് 1ൽ നിൽക്കാനുള്ള താൽപര്യത്തെ ഇല്ലാതെയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...