മുംബൈ:ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ മൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ന് മുംബൈ സിറ്റി എഫ്സിയും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും.
ആദ്യ പാദ സെമിഫൈനല്‍ മത്സരത്തില്‍ 3-2 ന് ജയിച്ച അത്ലറ്റിക്കോയ്ക്ക് ഒരു സമനില മാത്രം മതി ജയം സ്വന്തമാക്കാന്‍. എന്നാല്‍ മുംബൈയ്ക്കു ജയം മാത്രമാണ് ലക്ഷ്യം.
സ്വന്തം കാണികളുടെ മുമ്പില്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്ന മുംബൈയ്ക്ക് കളത്തിലിറങ്ങും മുമ്പ് തന്നെ വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആദ്യ പാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട നായകനും മാര്‍ക്വീ താരവുമായ ഡീഗോ ഫോര്ലാന് ഇന്ന് കളിക്കാന്‍ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാകും.
മുംബൈയുടെ ലീഗ് റൗണ്ടില്‍ ടീമിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് ഫോര്ലാന്. അതേസമയം ഫോര്‍ലാന്റെ അഭാവത്തില്‍ ഇന്ത്യന്‍ താരം സിനില്‍ ഛേത്രി,സോണി നോര്‍ദെ,ലിയോ കോസ്റ്റ,ക്രിസ്റ്റിയന്‍ വാഡോക്സ് എന്നിവര്‍ ഇറങ്ങും.
അതേസമയം ആദ്യ പാദം ജയിച്ചെങ്കിലും മുംബൈയെ അവരുടെ തട്ടകത്തില്‍ പിടിച്ചു കെട്ടുക അത്ര എളുപ്പമല്ലെന്ന് കൊല്‍ക്കത്തയ്ക്ക് അറിയാം. ആദ്യപാദത്തിലെ ഹീറോ ഇയാന്‍ ഹ്യൂം തന്നെയാണ് കൊല്‍ക്കത്തയുടെ തുറുപ്പ് ചീട്ട്. ഹ്യൂമിന് പുറമെ ഹാവിയ ലാറ,ബോര്‍ഹെ ഫെര്‍ണാണ്ടസ് എന്നിവരിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍.മുംബൈയിലെ മുംബൈ ഫുട്ബോള്‍ അരീനയില്‍ രാത്രി ഏഴ് മുതലാണ് മത്സരം.