KL Rahul Injury Update : ഐപിഎല്ലിൽ 2023 സീസണിൽ നിന്നും ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ പുറത്തേക്ക്. കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിനിടെയാണ് എൽഎസ്ജി ക്യാപ്റ്റന് കാലിന്റെ തുടയുടെ ഭാഗത്ത് പരിക്കേൽക്കുന്നത്. രാഹുലിന് പുറമെ ലഖ്നൗവിന്റെ വെറ്ററൻ പേസർ ജയദേവ് ഉനദ്ഘട്ടും പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്നും പുറത്തായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻ കണ്ടാണ് വലം കൈ ബാറ്ററെ സീസണിലെ മറ്റ് മത്സരങ്ങളിൽ നിന്നും മാറ്റി നിർത്താൻ ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ ഏഴ് മുതൽ 11 വരെയാണ് ലണ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഐസിസി സംഘടിപ്പിക്കുക.
നിലവിൽ കെ എൽ രാഹുൽ താൻ ഐപിഎല്ലിൽ നയിക്കുന്ന ലഖ്നൗ ടീമിനൊപ്പമാണ്. ഇന്ന് ബുധനാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിന് ശേഷം നാളെ വ്യാഴാഴ്ച രാഹുൽ മുംബൈയിലേക്ക് തിരിക്കും. മുംബൈ താരത്തിന് പരിക്കുകൾ പരിശോധിക്കുന്നതിന് വേണ്ടി പ്രത്യേക മെഡിക്കൽ സംഘത്തെ ബിസിസിഐ നിയോഗിച്ചിട്ടുണ്ട്. ജയ്ദേവ് ഉനദ്ഘട്ടിന്റെ പരിക്കും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ആർസിബിക്കെതിരെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റെ ഷോട്ട് ബൗണ്ടറിയിൽ തടയുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേൽക്കുന്നത്.
ALSO READ : Virat Kohli: കൊടുത്താൽ തിരിച്ചും കിട്ടുമെന്ന് ഓർമ്മിപ്പിച്ച് കോഹ്ലി; ഡ്രസിംഗ് റൂം വീഡിയോ വൈറൽ
അതേസമയം പരിക്കേറ്റ എൽഎസ്ജി നായകൻ ഇതുവരെ സ്കാനിങ്ങിന് വിധേയനാക്കിട്ടില്ല. പരിക്കേറ്റ് 24-48 മണിക്കൂർ നേരത്തേക്ക് നീര് കാണാൻ സാധ്യതയുള്ളതിനാൽ അതിനുശേഷമാകും താരത്തെ സ്കാനിങ്ങിന് വിധേയനാക്കുക. ബിസിസിഐയുടെ മെഡിക്കൽ സംഘം താരത്തിന്റെ പരിക്കിന്റെ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുമെന്ന് പിടിഐ തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
എൽഎസ്ജി പേസർ ഉനദ്ഘട്ടിന് തോളിനാണ് പരിക്കേറ്റിരിക്കുന്നത്. കുഴമാറി കിടക്കുകയല്ലെങ്കിലും താരത്തിനേറ്റ പരിക്ക് സീസണിൽ തുടരാൻ സാധിക്കാത്തവിധമാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് താരം പരിക്ക് ഭേദമായി ഫിറ്റ്നെസ് വീണ്ടെടുക്കുമോ എന്നതിൽ വ്യക്തതയില്ലെന്ന് ബിസിസിഐ വൃത്തം അറിയിച്ചു.
കൃണാൾ പാണ്ഡ്യ ലഖ്നൗവിനെ നയിച്ചേക്കും
കെ എൽ രാഹുലിന്റെ അഭാവത്തിൽ കൃണാൽ പാണ്ഡ്യയാകും ചെന്നൈ സൂപ്പർ കിങ്സിനെതിരെ മത്സരം മുതൽ ലഖ്നൗ സൂപ്പർ ജെയന്റ്സിനെ നയിക്കാൻ സാധ്യത. തിങ്കളാഴ്ച ആർസിബിക്കെതിരെയുള്ള മത്സരത്തിൽ രാഹുൽ പരിക്കേറ്റ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ പാണ്ഡ്യയയാണ് ലഖ്നൗവിനെ നയിച്ചത്. സീസണിൽ മെല്ലെ പോക്ക് രാഹുലിനെതിരെ വിമർശനം ഉയർന്നെങ്കിലും ഐപിഎൽ 2023ൽ എൽഎസ്ജിക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ലഖ്നൗവിന്റെ ക്യാപ്റ്റൻ. സീസണിൽ ഇതുവരെ രണ്ട് അർധ സെഞ്ചുറിയാണ് രാഹുൽ നേടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...