IPL 2023: ധോണിയ്ക്ക് ഓടാന്‍ വയ്യ, 100% ഫിറ്റല്ലെന്ന് ബാറ്റിംഗ് കോച്ച്; ചെന്നൈ ആരാധകര്‍ ആശങ്കയില്‍

Dhoni injury updates: വിക്കറ്റിനടയിൽ ഓടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ അവസാന ഓവറുകളിൽ മാത്രമാണ് ധോണി ക്രീസിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 04:40 PM IST
  • ധോണി വിജയകരമായാണ് ചെന്നൈ ടീമിനെ പ്ലേ ഓഫിലേയ്ക്ക് നയിച്ചത്.
  • സീസണില്‍ ഫിനിഷറുടെ റോള്‍ മികച്ച രീതിയിലാണ് ധോണി കൈകാര്യം ചെയ്തത്.
  • ഈ സീസണില്‍ 190.74 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്.
IPL 2023: ധോണിയ്ക്ക് ഓടാന്‍ വയ്യ, 100% ഫിറ്റല്ലെന്ന് ബാറ്റിംഗ് കോച്ച്; ചെന്നൈ ആരാധകര്‍ ആശങ്കയില്‍

ഐപിഎല്‍ 16-ാം സീസണ്‍ ആരംഭിച്ചത് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി പരിക്കിന്റെ പിടിയിലാണ്. കാല്‍മുട്ടിന് പരിക്കേറ്റ ധോണി വിജയകരമായാണ് ചെന്നൈ ടീമിനെ പ്ലേ ഓഫിലേയ്ക്ക് നയിച്ചത്. പരിക്കേറ്റ കാലുമായി വിക്കറ്റ് കീപ്പറുടെയും ഫിനിഷറുടെയും റോള്‍ അതിഗംഭീരമാക്കിയ ധോണിയുടെ ഫിറ്റ്‌നസിനെ കുറിച്ച് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസി നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. 

'അദ്ദേഹത്തിന്റെ കാല്‍മുട്ട് ഇപ്പോഴും 100% ഫിറ്റല്ല. എന്നാലും അദ്ദേഹം പരിക്കിനെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അവസാന 2-3 ഓവറുകള്‍ മാത്രമാണ് അദ്ദേഹം ബാറ്റിംഗിന് ഇറങ്ങുന്നത്. അദ്ദേഹത്തിന് ഓടാന്‍ വയ്യാത്തതാണ് ഇതിന് കാരണം. പക്ഷേ, അദ്ദേഹം അതിഗംഭീരമായാണ് എല്ലാം നിയന്ത്രിക്കുന്നതും സ്‌ട്രൈക്ക് ചെയ്യുന്നതും.' ഹസി പറഞ്ഞു. 

ALSO READ: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ചെന്നൈയും ഗുജറാത്തും നേർക്കുനേർ

ധോണിയുടെ പരിക്ക് എത്രയും വേഗം മാറട്ടെയെന്ന് ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ പറഞ്ഞു. എത്രയോ മത്സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. അത്രയേറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ധോണി. അങ്ങനെയൊരാള്‍ നിങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുകയെന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ധോണിയെ പോലെയൊരു താരത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്. ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അടുത്ത അഞ്ച് വര്‍ഷം കൂടി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കോണ്‍വെ കൂട്ടിച്ചേര്‍ത്തു.  

പരിക്കേറ്റ കാലില്‍ ബാന്‍ഡേജും ഐസ് ബാഗുമെല്ലാം വെച്ച് നില്‍ക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് പല അഭ്യൂഹങ്ങളുമുണ്ടെങ്കിലും അടുത്ത വര്‍ഷവും താന്‍ തിരിച്ചുവന്നേക്കും എന്ന സൂചനയാണ് ധോണി അടുത്തിടെ നല്‍കിയത്. കാലിലെ പരിക്ക് മാറ്റി നിര്‍ത്തിയാല്‍ ധോണിയുടെ കായികക്ഷമതയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നത്. 

ഈ സീസണില്‍ ഫിനിഷറുടെ റോള്‍ മികച്ച രീതിയിലാണ് ധോണി കൈകാര്യം ചെയ്തത്. ഈ സീസണില്‍ 190.74 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. ശരാശരിയാകട്ടെ 50ന് മുകളിലും. ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുമ്പോഴും ആരാധകര്‍ വിശ്വാസമര്‍പ്പിക്കുന്നത് ധോണിയിലാണ്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമിനെ വീണ്ടുമൊരു പ്ലേ ഓഫിലെത്തിച്ചതില്‍ ധോണിയുടെ പങ്ക് വളരെ വലുതാണ്. ധോണിയുടെ കീഴില്‍ രണ്ട് മത്സരങ്ങള്‍ കൂടി വിജയിച്ച് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈയുടെ ആരാധകര്‍. 

14 കളികളില്‍ 8 വിജയങ്ങള്‍ നേടി 17 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിടാനൊരുങ്ങുകയാണ് ചെന്നൈ. എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 3 തവണ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും വിജയിക്കാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ കണക്കു തീര്‍ത്ത് കലാശപ്പോരിന് യോഗ്യത നേടാനുറച്ചാകും ധോണിപ്പട ഇറങ്ങുക എന്നുറപ്പാണ്. 

സാധ്യതാ ടീം

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (C & WK), ദീപക് ചാഹര്‍, മഹേഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരണ.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (WK), ഹാര്‍ദിക് പാണ്ഡ്യ (C), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, ദസുന്‍ ഷനക, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ്മ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News