കഴിഞ്ഞ ദിവസം വലിയ ചർച്ചയ്ക്ക് വഴിവെച്ച് സംഭവമായിരുന്നു ലോകകപ്പ് ജേതാക്കളായ അർജീന്റീനിയൻ ടീമിനെതിരെ ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന്റെ നിലപാട്. കേരളത്തിൽ നിന്നുമുള്ള താരങ്ങൾക്ക് പരിശീലനം നടത്താൻ നല്ല മൈതാനങ്ങളും സൗകര്യങ്ങളും ഇല്ലാതിരിക്കുമ്പോഴാണ് സർക്കാർ 40 കോടിയോളം ചിലവാക്കി മെസിയും സംഘത്തെയും കേരളത്തിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ ഫുട്ബോൾ താരം പറഞ്ഞു. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിനായി സർക്കാർ താൽപര്യപ്പെടുന്നുണ്ടെങ്കിൽ അർജന്റീനയെ എത്തിക്കുകയല്ല പകരം കായിക താരങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ചെയ്യേണ്ടതെന്ന് അഷിഖ് അഭിപ്രായപ്പെട്ടു.
ഇതിന് പിന്നാലെ നിരവധി പേർ ആഷിഖിനെ പിന്തുച്ചും വിമർശിച്ചും രംഗത്തെത്തി. തന്റെ അഭിപ്രായം തുറന്ന് മലയാളി താരത്തെ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക്കും അഭിനന്ദിക്കുകയും ചെയ്തു. താന്റെ വാക്കുകൾക്ക് മറ്റ് വ്യഖ്യാനങ്ങൾ ഉണ്ടായപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും താൻ പറഞ്ഞതിൽ ഖേദിക്കുന്നില്ലയെന്നും അഷിഖ് കുരുണിയൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
ALSO READ : ISL Transfer : ഇടുക്കിക്കാരൻ സച്ചു ഇനി ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി പന്ത് തട്ടും
അഷിഖ് കുരുണിയൻ ഇൻസ്റ്റഗ്രാം പോസ്റ്റ്
"രണ്ട് ദിവസം മുമ്പ് ഞാൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ എന്റെ ചില അഭിപ്രായങ്ങൾ പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തെറ്റായി വ്യാഖ്യാനിക്കുന്നതിനാൽ അവ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒന്നാമതായി. ഞാൻ പറഞ്ഞതിൽ ഖേദിക്കുന്നില്ല. ഞാൻ പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ ഞാൻ വീണ്ടും പറയും. എന്റെ മനസ്സാക്ഷി വ്യക്തമാണ്. മാത്രമല്ല, എന്റെ ചെറുപ്പകാലത്ത് ഞാൻ അത്ര കഴിവുള്ള ഫുട്ബോൾ കളിക്കാരൻ ആയിരുന്നില്ല എന്ന് തുറന്നു പറയുന്നതിൽ എനിക്ക് ഒരു മടിയുമില്ല. പക്ഷെ എന്റെ സാഹചര്യങ്ങൾ എനിക്ക് അനികൂലമായിരുന്നു. അതുകൊണ്ടാണ് ഞാൻ ഈ ഒരു നിലയിൽ എത്തിയത്. കളിയുടെ തുടക്ക കാലത്ത് എന്റെ പ്രദേശത്ത് എന്നെക്കാൾ മികച്ച കളിക്കാർ ടീമിൽ അംഗമായിരുന്നു, അവർ വളരെ മികച്ചവരായിരുന്നു, പക്ഷേ സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ ഇല്ലായിരുന്നു. അവരിൽ ചിലർക്ക് പരിക്കേറ്റു. അവരിൽ ചിലർ മെച്ചപ്പെട്ടില്ല, കാരണം അവർക്ക് ചുറ്റും ശരിയായ സ്വാധീനമില്ലായിരുന്നു. അവരിൽ ചിലർക്ക് പാതിവഴിയിൽ വെച്ച് സ്പോർട്സ് ഉപയോഗിച്ച് മറ്റു മേഖല തിരഞ്ഞെടുക്കേണ്ടി വന്നു. നമ്മുടെ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
മലപ്പുറത്തെ ഗ്രണ്ടുകളുടെ എണ്ണം പറഞ്ഞാണ് പലരും പ്രതികരിച്ചത്. ഈ ഗ്രൗണ്ടുകളിൽ മിക്കതിലും ഞാൻ പോയിട്ടുള്ളതിനാൽ എനിക്കറിയാം മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകൾ ഉണ്ടെന്ന്. എന്നിരുന്നാലും, ഇതിൽ എത്രയെണ്ണം വർഷം മുഴുവൻ പരിശീലനത്തിന് യോഗ്യമാണ്? ഈ ഗ്രൗണ്ടുകൾ ഒരു ടൂർണമെന്റിനായി തയ്യാറാക്കിയാൽ അതിന് ശേഷം പരിപാലനം ഇല്ലാതെ ചിലപ്പോൾ പറമ്പിൽ പശുക്കൾ വരെ മേയുന്നു. ഇതാണ് യാഥാർഥ്യം.
ഏറ്റവും പ്രധാനമായി ഇന്ന് അധികാരത്തിലിരിക്കുന്നതോ മുമ്പ് അധികാരത്തിലിരുന്നതോമായ സർക്കാരുകൾക്കെതിരെ എനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ദീർഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ വേണ്ടി നമ്മൾ ധാരാളം പണം ചിലവഴിക്കേണ്ടതില്ല എന്നത് എന്റെ അഭിപ്രായം മാത്രമാണ്. ലയണൽ മെസി ഇന്ത്യയിൽ ഫുട്ബോൾ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? അതെ. എന്നിരുന്നാലും, മെസി ഇന്ത്യയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ എന്റെ സംസ്ഥാനത്തെ കുട്ടികൾ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ്. മികച്ച സൗകര്യങ്ങൾ, മികച്ച കായിക മൈതാനങ്ങൾ, പരിശീലകർക്കും കളിക്കാർക്കും കൂടുതൽ അവസരങ്ങൾ എന്നിവയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം.
എന്റെ അഭിപ്രായങ്ങൾ പരിശീലന മൈതാനങ്ങളെക്കുറിച്ചും വർഷം മുഴുവൻ അവ നന്നായി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു. പരിശീലനത്തിനായി എന്റെ നഗരത്തിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും ദേശീയ ടീമിനൊപ്പം വരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇത് കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കാൻ പ്രചോദനമാകും"
26കാരനായ ഇന്ത്യൻ വിങ് താരം മലപ്പുറം സ്വദേശിയാണ്. കഴിഞ്ഞ ആറ് വർഷമായി ദേശീയ ടീമിന്റെ ഭാഗമാണ് അഷിഖ്, ,സ്പാനിഷ് ക്ലബായ വിയ്യറിയാലിന്റെ സി ടീമിൽ ലോൺ അടിസ്ഥാനത്തിൽ അഷിഖ് ഭാഗമായിട്ടുണ്ട്. തുടർന്ന ബെംഗളൂരു എഫ് സിക്കായി രണ്ട് സീസൺ ആഷിഖ് പന്ത് തട്ടി. നിലവിൽ മോഹൻ ബഗാൻ എഫ് സി താരമാണ് അഷിഖ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...