തിരുവനന്തപുരം : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ ഇന്ത്യക്കായി വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള താരങ്ങൾ പുറത്തേക്ക് വന്നപ്പോൾ ആരാധകർ ആർത്തുവിളിച്ചു. ഇതിനിടയിലാണ് ആരാധകർക്കിടയിൽ നിന്ന് ഒരുകൂട്ടം സഞ്ജു സാംസണിനായി ആരവം മുഴക്കിയത്.
സഞ്ജൂ... സഞ്ജൂ..എന്ന് ഉറക്കെ വിളിച്ച് ഐക്യദാർഢ്യം അറിയിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതെ സഞ്ജുവിനെ അവഗണിക്കുന്നതിലുള്ള പ്രതിഷേധം കൂടിയാണ് ഇതെന്നായിരുന്നു ആരാധകരിൽ ഒരാളുടെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളിലും സ്റ്റേഡിയത്തിൽ സഞ്ജൂ... സഞ്ജൂ.. എന്ന് മുഴങ്ങിയിരുന്നു. എന്നാൽ തന്നെ ഇഷ്ടപ്പെടുന്നവർ അവരുടെ സ്നേഹം ഇങ്ങനെ പ്രകടിപ്പിക്കുന്നുവെന്നാണ് ടിക്കറ്റ് വിൽപന ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ സഞ്ജു പറഞ്ഞത്.
വിമാനത്താവളം മുതൽ തന്നെ ഉയർന്ന സഞ്ജൂ... സഞ്ജൂ.. വിളികൾക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകളാണ് നടക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സഞ്ജുവിന്റെ കരിയറിനെ മോശമായി ബാധിച്ചേക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ സഞ്ജുവിന് ഇത്രയും പിന്തുണയുണ്ടെന്ന കാര്യം ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ ടീമും അറിയണം എന്നും ഒരു കൂട്ടർ പറയുന്നു. തിരുവനന്തപുരത്തെ ആരാധകരുടെ സ്നേഹമായി മാത്രം കണ്ടാൽ മതിയെന്നും സമൂഹമാധ്യമങ്ങളിലെ കമൻറുകളിൽ അഭിപ്രായമുണ്ട്. ഏതായാലും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും . സഞ്ജൂ... സഞ്ജൂ.. വിളികൾ ആവർത്തിക്കപ്പെടുമെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...