ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023 ക്രിക്കറ്റ് ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്. സിംബാബ്വെയിലെ ഹരാരെയിൽ വെച്ച് നടന്ന സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട്ട്ലാൻഡിനോട് തോറ്റാണ് കരീബിയൻ ടീം ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്താക്കുന്നത്. സ്കോട്ട്ലാൻഡിനോട് ജയം നേടാനായിരുന്നെങ്കിൽ വിഡീസിന് ചെറിയ സാധ്യതയെങ്കിലും നിലനിർത്താൻ സാധിക്കുമായിരുന്നു. നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൻ ലോക ചാമ്പ്യന്മാർക്ക് 181 റൺസെടുക്കാനെ സാധിച്ചുള്ളൂ. സ്കോട്ടിഷ് ടീം 6.3 ഓവർ ബാക്കി നിർത്തികൊണ്ട് ജയം കണ്ടെത്തുകയായിരുന്നു.
ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ 1975, 1979 ടൂർണമെന്റുകളിലെ ചാമ്പ്യന്മാരായിരുന്നു വെസ്റ്റ് ഇൻഡീസ്. 48 വർഷം നീണ്ട് ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് വെസ്റ്റ് ഇൻഡീസിന് ടൂർണമെന്റിൽ നിന്നും യോഗ്യത നേടാനാകാതെ പോയിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്കോട്ടിഷ് ടീം കരീബിയൻ സംഘത്തെ തകർക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 181 റൺസിന് പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സ്കോട്ടിഷ് ടീം ജയം കണ്ടെത്തി. പുറത്താകാതെ 74 റൺസെടുത്ത മാത്യു ക്രോസാണ് സ്കോട്ട്ലാൻഡിന്റെ വിജയശിൽപി.
സൂപ്പർ സിക്സിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമണ് വെസ്റ്റ് ഇൻഡീസിന് ബാക്കിയുള്ളത്. ആ രണ്ട് മത്സരങ്ങളിലും വിൻഡീസിന് ജയിക്കാൻ സാധിച്ചാലും ലോകകപ്പ് ടൂർണമെന്റിലേക്ക് യോഗ്യത നേടാനാകില്ല. പോയിന്റ് ടേബിളിൽ മുൻപന്തിയിലുള്ള ശ്രീലങ്കയും സിംബാബ്വെയും ആറ് പോയിന്റ് വീതം നേടി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...