കോഴിക്കോട് : ലോകകപ്പ് ഇങ്ങെത്തുമ്പോൾ കേരളത്തിന്റെ ഫുട്ബോൾ ആരവം എത്രത്തോളമുണ്ടെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. മഞ്ഞയും നീലക്കടലും ഒപ്പം പറങ്കി പടയും കോപ്പ് കുത്തുന്ന കേരളത്തിൽ ഇനി ഫുട്ബോൾ ആരാധകരുടെ ലോകകപ്പ് ആവേശമാണ് കാണാൻ ഇരിക്കുന്നത്. അവയ്ക്കെല്ലാം തുടക്കം കുറിച്ചുകൊണ്ട് ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയുടെ ഒത്ത നടുക്ക് ഉയർന്നത്. പിന്നാലെ മെസിയുടെ കട്ടൗട്ട് ലോകമെമ്പാടുമുള്ള അർജന്റീനയുടെ ആരാധകരും ഒപ്പം ആർജന്റീനിയൻ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
30 അടിയോളം ഉയരത്തിലുള്ള മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് അർജന്റീനയുടെ ആരാധകർ പുള്ളാവൂർ പുഴയിൽ നാട്ടിയത്. കട്ടൗട്ട് നാട്ടുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ ഓദ്യോഗിക ഫാൻസ് ഗ്രൂപ്പ് പേജിലും കൂടി കട്ടൗട്ട് ചിത്രം എത്തിയതോടെ പുള്ളാവൂരിലെ അർജന്റീനിയൻ ഫാൻസിനെയും മെസിയുടെ കട്ടൗട്ടും ലോകം കണ്ടു.
En Pullavoor, un pequeño pueblo de la India, pusieron una gigantografía de Messi en medio del río. pic.twitter.com/nwOZWjACxb
— FOX Sports Argentina (@FOXSportsArg) October 31, 2022
കൂടാതെ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത് അർജന്റീനിയൻ സ്പോർട്സ് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഫോക്സ് സ്പോർട്സ് അർജന്റീന, ടിഎൻടി സ്പോർട്സ് അർജന്റീന തുടങ്ങിയ കായിക മാധ്യമങ്ങൾ കോഴിക്കോട്ടെ മെസിയുടെ കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം വാർത്തയാക്കി.
— munshid (@MunshidMadathil) October 31, 2022
നവംബർ 20ന് ഖത്തർ ഇക്വാഡോർ മത്സരത്തോടെയാണ് 2022 ഫിഫാ ലോകകപ്പിന് തുടക്കം കുറിക്കുക. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് മെസിയും സംഘവും ഖത്തറിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 36 വർഷത്തിന് ശേഷം അർജന്റീനിയൻ മണ്ണിൽ ലോകകപ്പെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസിയും കൂട്ടരും ഖത്തറിൽ ബൂട്ട് അണിയുന്നത്.
Gigantografía de Lionel Messi en Kozhikode, Kerala
@Rlzw4n pic.twitter.com/xxyxfuZSIk
— TNT Sports Argentina (@TNTSportsAR) October 31, 2022
നിലവിൽ കോച്ച് ലയണൽ സ്കലോണിക്ക് മുന്നിൽ വെല്ലുവിളി പ്രധാന താരങ്ങളുടെ പരിക്കാണ്. കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ല താരം നീലപ്പട ഷോട്ട്സ്റ്റോപ്പർ എമിലിയാനോ മാർട്ടിനെസും പരിക്കേറ്റതോടെ സ്കലോനിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എയ്ഞ്ചലോ ഡി മരിയ, പൗളോ ഡിബാല, എസ്ക്വീയിൽ പ്ലാസിയോസ്, ഗിവോനി ലൊ സെൽസോ തുടങ്ങിയ താരങ്ങളും പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. ഖത്തറിലേക്കുള്ള സ്കലോനിയുടെ 26 അംഗ ടീമിനായി കാത്തിരിക്കുകയാണ് അർജന്റീനിയൻ ആരാധകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...