കോഴിക്കോട് : ആഗോള വൈറലായി മാറിയ പുള്ളാവൂർ ചെറുപുഴയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിന് മറുപടിയുമായി ബ്രിസീലിയൻ ആരാധകർ. അതെ ഇടത്ത് മെസിക്ക് മുന്നിലായി നെയ്മർ ജൂനിയറിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചാണ് കാനറിപ്പടയുടെ ആരാധകക്കൂട്ടം അർജന്റീനിയിൻ ഫാൻസിന് മറുപടിയുമായി എത്തിയിരിക്കുന്നത്. അർജന്റീനയുടെ ആരാധകർ എങ്ങനെയാണോ മെസിയുടെ 30 അടി കൂറ്റൻ കട്ടൗട്ട് ചെറുപുഴയുടെ നടുവിൽ സ്ഥാപിച്ചത് അതേപോലെ തന്നെ ആഘോഷപൂർവ്വമായിട്ടാണ് ബ്രസീൽ ഫാൻസ് നെയ്മറുമായി എത്തിയത്. മെസിക്ക് പിന്നാലെ നെയ്മറുടെ കൂറ്റൻ കട്ടൗട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കോഴിക്കോട് നഗരത്തിൽ നിന്നും 28 കിലോമീറ്റർ പുറത്ത് കൊടുവള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ. മെസിയുടെ കട്ടൗട്ട് വെച്ചതോടെ ഈ കോഴിക്കോട്ടെ ഈ ഗ്രാമത്തെ ലോകം അറിഞ്ഞ് തുടങ്ങിയിരുന്നു. അർജന്റീനിയൻ ഫാൻസിന്റെ പേജിൽ പുള്ളാവൂരിലെ മെസിയുടെ കട്ടൗട്ടിന്റെ ചിത്രങ്ങൾ എത്തിയതോടെ കേരളത്തിന്റെ മലബാറിന്റെ ലോകകപ്പ് ആവേശം കണ്ടറിഞ്ഞിരിക്കുകയാണ് ഫുട്ബോൾ ലോകം. തൊട്ടുപിന്നാലെ അർജന്റീനിയൻ കായിക മാധ്യമങ്ങൾ പുള്ളാവൂരിൽ കൂറ്റൻ കട്ടൗട്ട് വാർത്തയാക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് അർജന്റീനിയൻ ആരാധകർക്കുള്ള മറുപടിയെന്ന പോലെ കാനറിപ്പടുയുടെ ഫാൻസ് നെയ്മറിന്റെയും കട്ടൗട്ടുമായി എത്തിയത്. ഇപ്പോൾ ആരാധകർക്കിടയിൽ കൂറ്റൻ കട്ടൗട്ടിന്റെ പേരിലാണ് വാഗ്വാദങ്ങൾ നടക്കുന്നത്. ഇനി പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും കൂടി ചെറുപുഴയിൽ സ്ഥാപിച്ചാൽ കോറം തികയും.
നവംബർ 20ന് ഖത്തർ ഇക്വാഡോർ മത്സരത്തോടെയാണ് 2022 ഫിഫാ ലോകകപ്പിന് തുടക്കം കുറിക്കുക. നവംബർ 25ന് സെർബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പിൽ നിലവിൽ ശക്തർ ബ്രസീലാണെങ്കിലും സെർബിയയെയും സ്വിറ്റ്സർലാൻഡ് അങ്ങനെ എഴുതി തള്ളനാകില്ലയെന്ന് കഴിഞ്ഞ് യുറോ കപ്പ് സാക്ഷ്യം പറയും. ആഫ്രിക്കൻ ശക്തിയായ കാമറൂൺ ആണ് ഗ്രൂപ്പ് ജിയിലെ മറ്റൊരു എതിരാളി.
ഖത്തറിൽ നിന്നും ലോകകപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. ടിറ്റെയുടെ നേതൃത്വത്തിൽ നെയ്മറും സംഘവുമെത്തുമ്പോൾ വമ്പൻ പ്രതീക്ഷിയാണ് ബ്രിസീലിയൻ ആരാധർക്കുള്ളത്. എന്നാൽ കളി നിയന്ത്രിക്കുന്ന മധ്യനിരയിൽ നെയ്മർക്കൊപ്പം ആരൊക്കെയുണ്ടാകുമെന്നും അതിനായി ടിറ്റെ എന്താണ് മനസ്സിൽ കണ്ടിരിക്കുകയെന്നും ഇനിയും കാത്തിരുന്ന് കാണേണ്ടതാണ്. എഡേഴ്സണിനോ അതോ അലിസ്സണിനോ ടിറ്റെ ആർക്കാകും കാനറിപ്പടയുടെ ഗോൾമുഖം കാക്കാൻ ഉത്തരവാദിത്വം നൽകുക എന്ന് തുടങ്ങി മുന്നേറ്റം ജെസൂസിനെ എൽപ്പിക്കുമോ യുവതാരം റിച്ചാർലിസണിനെ നൽകുമോ എന്നത് കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...