മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലോകകപ്പിലെ ജേതാക്കളായ ടീമിലെ അംഗമായിരുന്ന റോജർ ബിന്നി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (ബിസിസിഐ) അധ്യക്ഷനായി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ 36-ാമത് പ്രസിഡന്റാണ് റോജർ ബിന്നി. മുൻ ഇന്ത്യൻ താരത്തെ ബിസിസിഐ അധ്യക്ഷനായിട്ടുള്ള നിയമനം ബോർഡിന്റെ വാർഷിക പൊതുയോഗത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ബിന്നി മാത്രമായിരുന്നു ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ചത്. ബിന്നിയെ കൂടാതെ ബിസിസിഐയുടെ മറ്റ് ഭാരവാഹികളുടെ നിയമനവും എതിർ സ്ഥാനാർഥികൾ ഇല്ലാതെയാണ്. രാജീവ് ശുക്ലയെ ബോർഡിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ജെയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരുകയും ചെയ്തു. ദേവജിത് സൈയ്ക്ക ജോയിന്റ് സെക്രട്ടറും ആശിഷ് ഷേലാർ ബോർഡിന്റെ ട്രഷർറായും തിരഞ്ഞെടുത്തു.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റിൽ നിന്നാണ് ബിന്നി ബിസിസിഐ തലപ്പത്തേക്കെത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ മീഡിയം പേസിറായിരുന്ന ബിന്നി 83ലെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കായിരുന്നു വഹിച്ചിരുന്നത്. ടൂർണമെന്റിലെ എട്ട് മത്സരങ്ങളിൽ നിന്ന് ബിന്നി 18 വിക്കറ്റുകൾ നേടിയിരുന്നു. ആ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവുമായിരുന്നു റോജർ ബിന്നി. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ബിന്നി പിന്നീട് ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മിറ്റി അംഗമായിട്ടും പ്രവർത്തിച്ചിരുന്നു. ആ സമയത്ത് മുൻ താരത്തിന്റെ മകൻ സ്റ്റുവർട്ട് ബിന്നി ഇന്ത്യൻ ടീമിൽ ഇടം നേടിയത് മറ്റ് ചില ചോദ്യങ്ങൾക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു.
ALSO READ : IPL 2023 : ഐപിഎൽ ലേലം ഡിസംബറിൽ; നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബറിൽ സമർപ്പിക്കണം: റിപ്പോർട്ട്
അതേസമയം മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രാഷ്ട്രീയതലത്തിൽ വിവാദങ്ങൾക്ക് തുടക്കമിട്ടാണ് ബിസിസിഐ തലപ്പത്ത് നിന്നും പടിയിറങ്ങുന്നത്. നേരത്തെ ന്യൂ ഡൽഹിയിൽ വെച്ച് ഗാംഗുലിയും ബിസിസിഐയിലെ മറ്റ് ഭാഗഭാക്കായവരുമായി ഒരുപാട് ചർച്ചകൾ നടന്നിരുന്നുയെന്നുയെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനായി ഒരു ടേം കൂടി തുടരാൻ മുൻ ഇന്ത്യൻ നായകൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത് നിഷേധിച്ച ബിസിസിഐ അംഗങ്ങൾ ഐപിഎൽ ചെയർമാൻ സ്ഥാനം നൽകാമെന്ന് ഗാംഗുലിയോട് പറഞ്ഞു. എന്നാൽ ബിസിസിഐയുടെ സബ്-കമ്മിറ്റിയുടെ തലപ്പത്ത് വരാൻ തനിക്ക് താൽപര്യമില്ലെന്ന് ഗാംഗുലി ബോർഡ് അംഗങ്ങളോട് വ്യക്തമാക്കി.
അതേസമയം ഗാംഗുലിയുടെ ബിസിസിഐ സ്ഥാന ചലനം രാഷ്ട്രീയ തലത്തിൽ ചർച്ചയാകുകയായിരുന്നു. ഈ വിഷയം തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരെ ഉപയോഗിക്കാനും തുടങ്ങി. ഗാംഗുലിക്ക് വീണ്ടും അവസരം നൽകാതിരുന്ന തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് പശ്ചിമ ബാംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടത്. ബിജെപിയിൽ ചേരാൻ ഗാംഗുലി വിസമ്മതിച്ചതിനെ തുടർന്നാണ് മുൻ ഇന്ത്യൻ നായകനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് നിന്നും മാറ്റിയതെന്ന് ടിഎംസി ആരോപിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...