ശൈത്യകാലത്തെ വിഷാദത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് വിവിധ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
വിന്റർ ബ്ലൂസ് അല്ലെങ്കിൽ സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) മാനസികാരോഗ്യത്തെ മോശമാക്കും. എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ നിലനിർത്തുന്ന ഭക്ഷണങ്ങളുടെ ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പാണ്. ശീതകാല വിഷാദത്തെ ചെറുക്കാനും ഉന്മേഷം പകരാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ ഫാറ്റി മത്സ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മസ്തിഷ്ക ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു.
ഇലക്കറികൾ ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗത്യത്തിന് ഗുണം ചെയ്യും. ഇവയിൽ ഫോളേറ്റ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ന്യൂറോ ട്രാൻസ്മിറ്റർ സിന്തസിസിൽ ഫോളേറ്റ് ഒരു പങ്ക് വഹിക്കുന്നു, അതേസമയം മഗ്നീഷ്യം വിശ്രമത്തിനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനായി ഉയർന്ന കൊക്കോ ഉള്ളടക്കമുള്ള ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക. ഇത് ഉന്മേഷം വർധിപ്പിക്കാൻ സഹായിക്കും.
വാഴപ്പഴം, മാനസികാവസ്ഥ ഉയർത്താൻ സഹായിക്കുന്ന പോഷകങ്ങളാൽ നിറഞ്ഞതാണ്. വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയിരിക്കുന്ന വാഴപ്പഴം ട്രിപ്റ്റോഫാനെ സെറോടോണിനാക്കി മാറ്റാൻ സഹായിക്കുന്നു, ഇത് ഉന്മേഷം വർധിപ്പിക്കുന്നു. കൂടാതെ, അവയിൽ കാർബോഹൈഡ്രേറ്റുകളും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, ഇത് പെട്ടെന്ന് ഊർജം വർധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു.
ഊർജം പ്രദാനം ചെയ്യുന്നതിന് തവിടുള്ള അരി, ക്വിനോവ, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക. ഈ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ സെറോടോണിൻ അളവിൽ നല്ല സ്വാധീനം ചെലുത്തുന്നു. ശുദ്ധീകരിച്ച പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, ധാന്യങ്ങൾ സ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്നു, ഇത് മാനസികാവസ്ഥയെ സുസ്ഥിരമാക്കാനും ശൈത്യകാലത്തെ അലസത അകറ്റാനും സഹായിക്കുന്നു.
ശീതകാലം പലപ്പോഴും വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടമായ സൂര്യപ്രകാശം ലഭിക്കുന്നത് കുറയ്ക്കുന്നു. കൂൺ പോലെയുള്ള വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ഇതിനെ പ്രതിരോധിക്കാം. വളർച്ചയുടെ സമയത്ത് സൂര്യപ്രകാശം അല്ലെങ്കിൽ അൾട്രാവയലറ്റ് (യുവി) പ്രകാശം ഏൽക്കുമ്പോൾ, കൂൺ സ്വാഭാവികമായും വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തുന്നത് മതിയായ അളവിൽ വിറ്റാമിൻ ഡി നിലനിർത്താൻ സഹായിക്കും. ഇത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും വിഷാദരോഗ ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും കാരണമാകുന്നു.