ഐപിഎല്ലിലേക്ക് (IPL) പുതിയ രണ്ട് ടീമുകൾ വന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ (Indian Cricket Fans). നിലവിലുള്ള വമ്പൻ എട്ട് ടീമുകൾക്കൊപ്പം ഞെട്ടിപ്പിക്കുന്ന ലേല തുകയിലെത്തുന്ന രണ്ട് ടീമുകളും കൂടി എത്തുമ്പോൾ കാണാൻ പോകുന്നത് വെറും പൂരം മാത്രമാകില്ല.
ലഖ്നൗ, അഹമ്മദാബാദ് നഗരങ്ങള് ആസ്ഥാനമാക്കിയാണ് രണ്ട് പുതിയ ടീമുകൾ ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്നത്. 7090 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് RPSG ഗ്രൂപ്പ് ലഖ്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നത്.
CVC ക്യാപിറ്റൽ പാർട്ട്ണേഴ്സെന്ന ഇക്വിറ്റി സ്ഥാപനം 5166 കോടി രൂപയ്ക്കുമാണ് ഗുജറാത്ത് ആസ്ഥാനമായ അഹമ്മദബാദ് ഫ്രാഞ്ചൈസിയെ നേടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മോട്ടേറ നരേന്ദ്ര മോദി സ്റ്റേഡിയമാകും അഹമ്മദബാദ് ടീമിന്റെ ഹോം ഗ്രൌണ്ട്
ഇതിൽ നേരത്തെ RPSG ഗ്രൂപ്പിന് റൈസിങ് പൂണെ സൂപ്പർ ജെയ്ന്റ് എന്ന ടീമിന്റെ ഉടമസ്ഥത ഉണ്ടായിരുന്നു. വിലക്കിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ അഭാവത്തിലായിരുന്നു രണ്ട് വർഷത്തെ കരാറടിസ്ഥാനത്തിൽ 2016-2017 സീസണിൽ RPSG ഗ്രൂപ്പ് പൂണെ ടീമിനെ സ്വന്തമാക്കിയത്. അത് കഴിഞ്ഞ് നാല് സീസണുകൾക്ക് ശേഷം വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് RPSG ഗ്രൂപ്പ് ലഖ്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നതിലൂടെ.
ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയ CVC ക്യാപിറ്റൽ പാർട്ട്ണേഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിലെ ലാഭം നേട്ടം മനസ്സിലാക്കിയ ഈ അന്തരാഷ്ട്ര സ്ഥാപനം രാജ്യാന്തര റഗ്ബി യൂണിയൻ, ഫോർമുല വൺ, ലാലിഗാ തുടങ്ങിയ മത്സരങ്ങളുടെ നിറസാന്നിധ്യമാണ്. സ്പോർട്സ് മേഖലയിലെ ബിസനെസിൽ ഈ യൂറോപ്യൻ കമ്പനി നിക്ഷേപം നടത്തിട്ടുള്ളത് ശതകോടി ഡോളറുകളാണ്