Messi lifts World Cup: 36 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അർജൻ്റീന ലോകകപ്പ് ഉയർത്തിയത്.
Messi lifts World Cup: ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ അർജൻ്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പനാമയെ പരാജയപ്പെടുത്തി.
നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അർജൻ്റീന ഇത്തവണ ലോകകപ്പ് ഉയർത്തിയത്. തൻ്റെ അവസാന ലോകകപ്പായിരിക്കും ഖത്തറിൽ നടക്കുകയെന്ന മെസിയുടെ പ്രഖ്യാപനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
കയ്യെത്തും ദൂരത്ത് ഒരിക്കൽ നഷ്ടമായ മോഹക്കപ്പ് മെസിയ്ക്ക് തിരിച്ചുപിടിക്കാനാകുമോ എന്നായിരുന്നു ഫുട്ബോൾ ലോകം ഉറ്റുനോക്കിയത്. ഖത്തറിൽ നടന്ന ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൌദി അറേബ്യയോട് തോറ്റുകൊണ്ടാണ് അർജൻ്റീന തുടങ്ങിയത്.
പിന്നീട് മെക്സിക്കോ, ഓസ്ട്രേലിയ, പോളണ്ട്, നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തിയ മെസിയും സംഘവും കലാശപ്പോരിൽ കരുത്തരായ ഫ്രാൻസിനെയാണ് നേരിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില (3-3) പാലിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടിലേയ്ക്ക് നീളുകയായിരുന്നു. പെനാൽട്ടിയിൽ 4-2ന് അർജൻ്റീന വിജയിച്ചു.
ഇപ്പോൾ ഇതാ ലോകകപ്പ് വിജയത്തിന് ശേഷം മെസിയുടെ നേതൃത്വത്തിൽ വീണ്ടും അർജൻ്റീന കളത്തിലിറങ്ങിയിരിക്കുകയാണ്. പനാമയ്ക്ക് എതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നീലപ്പട വിജയിച്ചു.
മെസിയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളായിരുന്നു മത്സരത്തിലെ സവിശേഷത. മെസിയുടെ കരിയറിലെ 800-ാം ഗോളായിരുന്നു ഇത്.
മത്സരത്തിന് ശേഷം അർജൻ്റീന ടീം അംഗങ്ങൾക്ക് ലോകകപ്പിൻ്റെ റെപ്ലിക്ക നൽകി. ആരാധകരുടെ ആർപ്പുവിളിക്ക് മുന്നിൽ മെസി വീണ്ടും ലോകകപ്പ് ഉയർത്തിക്കാട്ടുകയും ചെയ്തു.
കോച്ച് ലയണൽ സ്കലോണിയുടെയും മെസിയുടെയുമെല്ലാം കുടുംബാംഗങ്ങൾ മൈതാനത്ത് എത്തിയിരുന്നു. ഡിസംബറിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ നേരിട്ട അതേ ടീം തന്നെയാണ് പനാമയ്ക്ക് എതിരെയും ഇറങ്ങിയത് എന്നതായിരുന്നു മറ്റൊരു സവിശേഷത.