BCCI's annual player contracts: 2022-23 സീസണിലേയ്ക്കുള്ള ടീം ഇന്ത്യയുടെ വാർഷിക കരാർ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. ഗ്രേഡ്- എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് ബിസിസിഐയുടെ കരാർ പട്ടിക.
എ പ്ലസ് പട്ടികയിലെ താരങ്ങൾക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക. എ ഗ്രേഡ് വിഭാഗത്തിലുള്ളവർക്ക് 5 കോടിയാണ് ലഭിക്കുക. ബി വിഭാഗത്തിൽ ഉള്ളവർക്ക് 3 കോടിയും സി ഗ്രേഡിൽ ഉള്ളവർക്ക് ഒരു കോടിയുമാണ് ബിസിസിഐ പ്രതിഫലം നൽകുക.
രോഹിത് ശർമ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള താരങ്ങൾ.
ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരാണ് ഗ്രേഡ് എയിലെ താരങ്ങൾ.
ഗ്രേഡ് ബിയിലാണ് ചേതേശ്വർ പുജാര, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ തുടങ്ങിയവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രേഡ് എയിൽ നിന്നാണ് കെ.എൽ രാഹുൽ ഗ്രേഡ് ബിയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടത്. സീസണിലെ മോശം ഫോമാണ് രാഹുലിന് തിരിച്ചടിയായത്.
ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ് ഭരത് എന്നിവരാണ് അവസാനത്തെ കാറ്റഗറിയായ സി ഗ്രേഡിലുള്ളത്.
വൈറ്റ് ബോൾ ഫോർമാറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ഇടം നേടാൻ സഹായിച്ചത്. 2022 സീസണിൽ 10 ഏകദിന മത്സരങ്ങളിൽ 71.00 ആണ് സഞ്ജുവിൻ്റെ ശരാശരി. മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ച്വറി അടക്കം 122 റൺസും സഞ്ജു നേടിയിരുന്നു.