പുതുപ്പള്ളിക്കാരൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ഏവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയാണ്. ജനങ്ങളോട് ഒരു ജനപ്രതിനിധി എങ്ങനെ ബന്ധം പുലർത്തണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം.
Oommen Chandy Mass Contact Programme: ആർക്കും എപ്പോഴും ഉമ്മൻ ചാണ്ടിയുടെ അടുത്തേയ്ക്ക് കയറി ചെല്ലാമായിരുന്നു. സുരക്ഷാ ഭീഷണി പോലും പരിഗണിക്കാതെയാണ് അദ്ദേഹം സംസ്ഥാന വ്യാപകമായി ജനങ്ങളോട് ഇടപഴകിയത്.
ജനങ്ങളുമായുള്ള നിത്യ സമ്പർക്കം ഉമ്മൻ ചാണ്ടി കാലങ്ങളായി കാത്തുസൂക്ഷിച്ചു പോന്നിരുന്ന ഒന്നാണ്.
ജനങ്ങളാണ് എന്റെ പാഠപുസ്തകം എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.
2004ലാണ് ജനസമ്പർക്കം എന്ന പരിപാടിയ്‌ക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചത്.
ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ച പരിപാടിയായി ഇത് മാറി.
ജനങ്ങൾക്കിടയില്‍ വിശ്രമമില്ലാതെ പരാതികൾ കേട്ട് പരിഹാരമാർഗം കണ്ടെത്തുന്ന ജനസമ്പർക്ക പരിപാടിയെ ജനങ്ങൾ അതിവേഗം ഏറ്റെടുത്തു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്.
ചില ജില്ലകളില്‍ ഉമ്മൻ ചാണ്ടി 20 മണിക്കൂര്‍ വരെ തുടർച്ചയായി പരാതി കേട്ട ചരിത്രമുണ്ട്. 22.68 കോടിയുടെ ധനസഹായമാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ നല്‍കിയത്.