ഇന്ത്യന്‍ സിനിമയിലെ നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാളായ ഇന്ന് ആരാധകരും സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം മോഹന്‍ലാലിനെ ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ 'മോഹന്‍ലാല്‍ ഉടുപ്പ്' അണിഞ്ഞ് ഒരു കുഞ്ഞു ആരാധികയും താരത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.
അതിഥി എന്ന രണ്ടാം ക്ലാസുകാരിയാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു ആശംസ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പിട്ടാണ് താരത്തിന് ആശംസ അറിയിച്ചത്.
ഉടുപ്പിലെ ഓരോ മോഹന്‍ലാല്‍ ചിത്രവും മോഹന്‍ലാലിന്റെ സിനിമയിലെ കഥാപാത്രമാണ്. അതിഥിയുടെ വാശിയെ തുടര്‍ന്ന് അമ്മയാണ് ഡിസൈന്‍ തയ്യാറാക്കിയത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെയുള്ള പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വെച്ച് കൊളാഷ് തയ്യാറാക്കിയാണ് ഡിസൈന്‍ ചെയ്തത്. അതിനു ശേഷം തുണിയില്‍ പ്രിന്റ് ചെയ്ത് എടുക്കുകയായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ ലാലേട്ടന് അതിഥികുട്ടി വീഡിയോ അയച്ചു കൊടുത്തു. ലാലേട്ടന് നന്ദിയും അറിയിച്ചു. ഷാര്‍ജയിലെ ഡല്‍ഹി–ഷാര്‍ജ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതിഥി ജനിച്ചതും വളര്‍ന്നതുമെല്ലാം ഷാര്‍ജയില്‍ തന്നെയാണ്. നല്ലൊരു നര്‍ത്തകി കൂടിയായ അതിഥി ടിക് ടോകിലും സജീവമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന സിനിമയില്‍ നവ്യ നായരുടെ മകളായി അഭിനയിച്ചിട്ടുണ്ട്.
ഷാര്‍ജയിലെ സൗഹൃദ കൂട്ടായ്മയില്‍ ഉള്ളവരാണ് ഈ ഉടുപ്പ് തയ്യാറാക്കിയത്. റോഷ്ണി – ഷെബിന്‍ ദമ്പതികളുടെ ഏകമകളാണ് അതിഥി. നാട്ടില്‍ തൃശൂരാണ് സ്വദേശം. ദുബായിലുള്ള ഡിസൈര്‍ ബ്ലൂ കുഞ്ഞു മോഹന്‍ലാല്‍ ആരാധികയ്ക്ക് ആയി ഈ ഉടുപ്പ് തയ്യാറാക്കിയത്. ഷാര്‍ജയിലെ അല്‍ സഫ ഗാര്‍മെന്റസ് ആണ് കോസ്റ്റ്യൂം തയ്യാറാക്കിയത്.