ഐപിഎൽ മെഗാ ലേലത്തിലേക്കുള്ള തിയതി അടുത്തുവരുമ്പോൾ ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട് ചില നിർണായക തീരുമാനങ്ങൾ സൺറൈസേഴ്സ് ഹൈദരാബാദ് എടുക്കേണ്ടതുണ്ട്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ സൺറൈസേഴ്സ് 2025 ഐപിഎല്ലിൽ ഒരു ബാലൻസ്ഡ് ടീമിനെ തിരഞ്ഞെടുക്കാനാകും ശ്രമിക്കുക. നിലവിലുള്ള മികച്ച താരങ്ങളിൽ ആരെയൊക്കെ അവർ അടുത്ത സീസണിന് വേണ്ടി നിലനിർത്തും എന്ന് നമ്മുക്ക് ചർച്ച ചെയ്യാം.
നായകനായ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിലെത്തിച്ച പാറ്റ് കമ്മിൻസിനെ ഹൈദരാബാദ് നിലനിർത്തിയേക്കും. കമ്മിൻസിൻ്റെ പരിചയസമ്പത്തും ഭയരഹിത സമീപനവും മികച്ച നേതൃഗുണങ്ങളും അടുത്ത സീസണിൽ സൺറൈസേഴ്സിനെ സഹായിക്കും.
191.55 സ്ട്രൈക്ക് റേറ്റിൽ 567 റൺസ് നേടിയ ട്രാവിസ് ഹെഡിൻ്റെ സ്ഫോടനാത്മക ബാറ്റിംഗ് ഐപിഎൽ 2024-ൽ സൺറൈസേഴ്സിന് നിർണായകമായിരുന്നു. 2025 സീസണിൽ എസ്ആർഎച്ചിൻ്റെ ശക്തമായ ബാറ്റിംഗ് ലൈനപ്പിന് ഹെഡിനെ നിലനിർത്തുന്നത് സഹായിക്കും.
പേസും സ്പിന്നും ഒരുപോലെ നേരിടാൻ കഴിവുള്ള മികച്ച ബാറ്റ്സ്മനാണ് ഹെൻറിച്ച് ക്ലാസൻ. വിക്കറ്റ് കീപ്പർ കൂടിയായ അദ്ദേഹത്തെ ടീമിൽ നിലനിർത്തുന്നത് സൺറൈസേഴ്സിൻ്റെ ബാറ്റിംഗിന് കൂടുതൽ കരുത്ത് നൽകുന്നു, പ്രത്യേകിച്ച് ഉയർന്ന സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ.
ഐപിഎൽ 2024ൽ എമേർജിംഗ് പ്ലെയർ അവാർഡ് നേടിയ താരമായ നിതീഷ് കുമാർ റെഡ്ഡിയെ സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയേക്കും. കുറഞ്ഞ വിലയ്ക്ക് നിതീഷിനെ നിലനിർത്തുന്നത് ഭാവിയിലും ടീമിന് ഗുണകരമാകും.
ഐപിഎല്ലിലെ മികച്ച താരോദയങ്ങളിൽ ഒന്നായ അഭിഷേക് ശർമയെ സൺറൈസേഴ്സ് നിലനിർത്തിയേക്കും. 2024 സീസണിൽ 204 സ്ട്രൈക്ക് റേറ്റിൽ 484 റൺസ് നേടിയ അഭിഷേക് ശർമ ഓപ്പണിങ്ങിൽ ഹെഡുമായി ചേർന്ന് മികച്ച തുടക്കമാണ് സൺറൈസേഴ്സിന് നൽകിയിരുന്നത്.