വിവാഹ വാഗ്ദാനം നല്കി യുവതിയിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെതിരെ വിധിയുമായി യുഎഇ കോടതി. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തതിന് ശേഷം ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. ഇയാൾ യുവതിയിൽ നിന്ന് വാങ്ങിയ പണവും കേസിന് വേണ്ടി കോടതിയിൽ ചെലവായ പണവും തിരിച്ച് നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. യുഎഇയിൽ ജോലി ചെയ്ത് വരുന്ന ഒരു ഗൾഫ് പൗരൻ തന്നെയാണ് പണം തട്ടിയെടുത്തത്. തട്ടിപ്പിനിരയായ യുവതിയും ഗൾഫ് പൗരത്വം ഉള്ള ആൾ തന്നെയാണ്.
പ്രണയബന്ധത്തിൽ ആയിരിക്കെയാണ് യുവാവ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തത്. അല്‍ ഐന്‍ സിവില്‍ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ഇരുവരും യുഎഇയിൽ വെച്ച് തന്നെയാണ് കണ്ട് മുട്ടിയതും പ്രണയത്തിൽ ആയതും. തുടർന്നും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ മൂലം വിവാഹത്തിന്റെ ചിലവുകൾ വഹിക്കാൻ കഴിയില്ലെന്ന് യുവാവ് യുവതിയെ അറിയിക്കുകയായിരുന്നു.
ALSO READ: Saudi Arabia: സൗദിയിൽ ശക്തമായ മഴയും കാറ്റും; വൈദ്യുതി ടവറുകൾ നിലംപൊത്തി
എന്നാൽ വിവാഹ ചിലവുകൾ താൻ വഹിച്ച് കൊള്ളാമെന്ന് പറഞ്ഞ് യുവതി ചിലവുകൾ ഏറ്റെടുക്കുകയായിരുന്നു. വിവാഹ ചിലവുകൾക്കായി 2 ലക്ഷം ദിർഹം യുവാവിന്റെ അക്കൗണ്ടിലേക്ക് യുവതി ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. അതായത് ഏകദേശം 44 ലക്ഷം രൂപ. ഇതിന് പിന്നാലെ യുവാവ് യുവതിയുടെ കോളുകൾ എടുക്കാതെയാവുകയും അവഗണിക്കുകയും ചെയ്തു. യുവതി നടത്തിയ അന്വേഷണത്തിൽ യുവാവ് മറ്റൊരു യുവതിയെ കല്യാണം കഴിച്ചതായും കണ്ടെത്തി.
യുവാവിന്റെ വിവാഹം കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. താൻ നൽകിയ മുഴുവൻ തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കേസ് നൽകിയത്. എന്നാൽ പണം തിരിച്ച് നൽകുന്നതിനൊപ്പം കോടതിയുടെ ചിലവുകളും വഹിക്കണമെന്ന് അല്‍ ഐന്‍ സിവില്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.