റിയാദ്: സൗദിയിലെ എയർപ്പോർട്ടുകളിലും മറ്റും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന്റ റിപ്പോർട്ട്. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസരിച്ചാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് അറബ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കര, കടൽ കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും അതോറിറ്റി കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു. ഇതിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടും.
Also Read: Kuwait news: കുവൈത്തിൽ ലൈസൻസില്ലാതെ ട്യൂഷൻ നടത്തുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടി
ഇതിനിടയിൽ വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ ജിദ്ദ, ദമ്മാം, റിയാദ്, മദീന എന്നീ വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലിലെ പാസഞ്ചേഴ്സ് ഹാളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതൽ കവാടങ്ങളിൽ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ വിപുലീകരിക്കാൻ കസ്റ്റംസ് ശ്രമിക്കുന്നുണ്ട്.
ഇതിനിടയിൽ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഏരിയകളിൽ മദ്യം വിൽക്കുന്നത് രാജ്യം പരിഗണിച്ചതായി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും സൗദിയുടെ നികുതി, കസ്റ്റംസ് അതോറിറ്റി ഈ ആശയം റദ്ദാക്കിയിരിക്കുകയാണ്. സൗദി അറേബ്യയിൽ വിൽപ്പനയ്ക്ക് അനുമതിയുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിമാനത്താവളങ്ങളിൽ നൽകൂവെന്നും സൗദി അറേബ്യയിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...