സലാല: ഒമാനിലെ റോയല്‍ ഹോസ്പിറ്റലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഉദരത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്തു.
പീഡിയാട്രിക് സര്‍ജറി വിഭാഗ൦ സര്‍ജറി തലവന്‍ ഡോ. മുഹമ്മദ് ബിന്‍ ജാഫര്‍ അല്‍ സഗ്‌വാനിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ ശസ്ത്രക്രിയ നടത്തിയത്.
ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ചിലപ്പോള്‍ കുഞ്ഞിന്‍റെ വയറ്റില്‍ മറ്റൊരു ഭ്രൂണം കൂടി വളരും. ഈ അപൂര്‍വ്വ സാഹചര്യ൦ ഫീറ്റസ് ഇന്‍ ഫീറ്റെ എന്നാണ് അറിയപ്പെടുന്നത്.
വയറുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ നാല് മാസക്കാരന്‍റെ ഉദരത്തിലെ ഭ്രൂണം ഏതാണ്ട് പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ഭ്രൂണ൦ പൂര്‍ണ വളര്‍ച്ചയെത്തിയിരുന്നതിനാല്‍ കുട്ടിക്ക് കഠിനമായ ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇത് അനസ്‌തേഷ്യ നല്‍കാനുള്‍പ്പെടെ തടസങ്ങള്‍ ഉണ്ടാക്കിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഹൃദയ ധമനിയുമായും ആമാശയവും കരളും പിത്തസഞ്ചിയും അടക്കമുള്ള മറ്റ് ആന്തരികാവയവങ്ങളുമായി ചേര്‍ന്ന് കിടക്കുകയായിരുന്നു ഭ്രൂണം.
ഇതും ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് ശസ്ത്രക്രിയ വിജയിപ്പിക്കാനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.