Chennai: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനത്തിനിടെ Go Back Modi ഹാഷ് ടാഗ് ട്വീറ്റ് ചെയ്ത സിനിമാ താരം ഓവിയക്കെതിരെ പരാതി.
തമിഴ്‌നാട് BJPയിലെ നിയമകാര്യ വിഭാഗമാണ് പോലീസില്‍ പരാതി നല്‍കിയത്. നടി ഓവിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും വിദേശ രാജ്യങ്ങളുമായി താരത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അലക്സിസ് സുധാകര്‍ ആണ് എസ്പിക്കും സൈബര്‍ സെല്ലിനും സി.ബി സിഐഡിക്കും പരാതി നല്‍കിയത്. ഓവിയയ്ക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ, എന്താണ് ഇവരുടെ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
അനവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴാണ് ഗോ ബാക്ക് മോദി ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡി൦ഗായത്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകർക്കുന്ന തരത്തിലുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുമുള്ളതാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
ബിജെപി തമിഴ്‌നാട് നേതൃത്വത്തിന്‍റെ പരാതിയിൽ ചെന്നൈ എക്മോർ പോലീസ് കേസ് എടുത്തു. 69A IT Act, 124A, 153A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.