ചെന്നൈ: തമിഴ് ആക്ഷൻ ഹീറോ വിശാലിനെ (Actor Vishal) നായകനാക്കി നവാഗതനായ തു.പാ.ശരവണൻ ഒരുക്കുന്ന വീരമേ വാകൈ സൂടും' (Veeramae Vaagai Soodum) സിനിമ ഫെബ്രുവരി 4ന് പ്രദർശനത്തിനെത്തുന്നു. ജനുവരി 26ന് തിയറ്ററുകളിൽ പ്രദർശനം ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് റിലീസ് മാറ്റിവെക്കുകയാരുന്നു.
റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലർ ഇരുപത്തി മൂന്നു ലക്ഷ്യത്തിൽ പരം കാഴ്ചക്കാരെ നേടി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും ചിത്രത്തിന്റെ ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ആവേശം സൃഷ്ടിക്കുന്ന സംഘട്ടന രംഗങ്ങളോട് കൂടിയ ട്രെയിലർ മാസ് സിനിമാ ആരാധകരിൽ ആകാംഷ വർധിപ്പിച്ചിരിക്കയാണ്. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് 'വീരമേ വാകൈ സൂടും 'എന്നാണു അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
'Rise of a common Man' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൻ്റെ പ്രമേയം ഭരണകൂടത്തിനും, ഭരണസ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ്.
മലയാളി താരം ബാബുരാജാണ് ചിത്രത്തിൽ വിശാലിൻ്റെ വില്ലനായി എത്തുന്നത്. ഡിംപിൾ ഹയാതിയാണ് നായിക. മലയാളിയായ രവീണാ രവി മറ്റൊരു ശ്രദ്ധേയമായി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ കഥാപാത്രം രവീണയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി ഭവിക്കും എന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ നായകൻ വിശാൽ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ പറഞ്ഞത്. തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ALSO READ : ആക്ഷനൊപ്പം പ്രണയവുമായി വിശാൽ ചിത്രം വീരമേ വാകൈ സൂടുമിന്റെ റിലീസിനൊരുങ്ങുന്നു
യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. നേരത്തേ നിരവധി തവണ റിലീസ് തിയ്യതികൾ പ്രഖ്യാപിച്ചിരുന്നു എങ്കിലും കോവിഡ് ലോക്ഡൗണുകളിൽ കുടുങ്ങി പ്രദർശനം തടസ്സപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.