കുടിയിറക്കിപ്പെട്ടവൻറെ അതേ രോഷം (Sherni Movie Review) കാടിറങ്ങുന്ന കടുവകൾക്കുമുണ്ടാവും. പല്ലും നഖവും വിടർത്തി അവ ഉറക്കെ അലറും. എന്നെ വെറുതെ വിടു എൻറെ വീട് തരൂ. ചിലരവയെ കൊല്ലും ചിലർ ഭയന്നോടും. കഥകളിവിടെ തുടങ്ങുകയാണ്.
പുലിമുരുകൻ കണ്ട് നരഭോജിയായ പുലിയെ കൊല്ലണം എന്ന് വാശിപിടിച്ചവർ ഒരുപക്ഷേ ഷേർണി കണ്ടാൽ ആ അഭിപ്രായത്തെ തിരുത്തിയേക്കാം. അത്തരത്തിലൊരു പച്ചയായ ജീവിതത്തെയാണ് ഷേർണിയിലൂടെ സംവിധായകൻ അമിത് മസൂർക്കർ നമുക്ക് കാണിച്ച് തരുന്നത്.
കാടിറങ്ങിയ ഒരു പെൺകടുവ പ്രദേശവാസികളെ ആക്രമിക്കുകയും തുടർന്ന് പുതുതായി ചാർജെടുത്ത ഡി എഫ് ഒ വിദ്യ വിൻസന്റ് ന്റെ (വിദ്യാ ബാലൻ) നേതൃത്വത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒന്നടങ്കം ആ കടുവയെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് മാറ്റുവാനും തീരുമാനിക്കുന്നു. എന്നാൽ ഇതിനിടയിൽ ഇലക്ഷന്റെ മുന്നോടിയായി വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ ഇടപെടുകയും തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ് സിനിമയിൽ പറയുന്നത്.
മനുഷ്യന്റെ അനാവശ്യ ഇടപെടലുകളാണ് പല ജീവികളുടേയും ആവാസവ്യവസ്ഥയിൽ വ്യതിചലനം സംഭവിക്കുന്നതും അവർ കാടിറങ്ങി വിശപ്പകറ്റാൻ മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നത്. ചിത്രത്തിലൂടെ പറയുന്ന ഈ ആശയം ഏറെ പ്രധാനപ്പെട്ടതാണ്. മാത്രമല്ല പെൺകടുവയെ ചിത്രീകരിച്ചതിലൂടെ സ്ത്രീ എന്നും അടിച്ചമർത്തലുകൾക്ക് വിധേയയാണെന്ന് പലയിടത്തും പറയാതെ പറഞ്ഞിരിക്കുന്നു.
രാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്താൽ പലതും കണ്ണടക്കുന്ന മേലുദ്യോഗസ്ഥരും, സ്വാർത്ഥതാൽപര്യത്തിനു വേണ്ടി വനം കൈയ്യേറി പ്രകൃതിയെ നശിപ്പിക്കുന്നതുമെല്ലാം വ്യക്തമായി കാണിക്കുന്നുണ്ട്. ആകാംഷാഭരിതമാക്കുന്ന കഥാമുഹൂർത്തമോ, നായികയുടെ അസാമാന്യ പരിവേഷമോ ഒന്നുമില്ലാതെ ഒതുക്കത്തിൽ കഥ പറഞ്ഞു.
എന്നാൽ കടുവയുമൊത്തുള്ള രംഗങ്ങളോ സസ്പെൻസ് ഉളള ക്ലൈമാക്സോ പ്രേക്ഷകർ പ്രതീക്ഷിച്ച് കാണും. കാട് വിഷയമാവുമ്പോൾ തീർച്ചയായും അത്ഭുതപ്പെടുത്തുന്ന ഷോട്ടുകൾ ഉണ്ടാവേണ്ടതാണ്. എന്നാൽ ഛായഗ്രഹകൻ രാകേഷ് ഹരിദാസ് അത്തരം വിഷ്വലുകളെ ലഘൂകരിച്ച് യഥാർത്ഥ ഭംഗി മാത്രം ഒപ്പിയെടുത്തു. വലിയ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനം പ്രേക്ഷകർക്ക് കടുവയോട് ഒരാത്മബന്ധം തോന്നിപ്പോകും.
സ്വാഭാവിക അഭിനയത്തിലൂടെ വിദ്യാ ബാലൻ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. വിജയ് റാസ്, ശരത് സക്സേന, ബ്രിജേന്ത്ര കല തുടങ്ങി നിരവധി താരങ്ങളും ഒപ്പം അവിടുത്തെ പ്രദേശവാസികളിൽ പലരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളായി മാറി. പശ്ചാത്തല സംഗീതമോ, പാട്ടുകളോ മറ്റു മസാലകളൊന്നുമില്ലെങ്കിലും മികച്ച ചിത്രങ്ങളെടുക്കാമെന്ന് ബോളിവുഡ് തെളിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...