Akhila Bhargavan | ആ ദേഷ്യത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്തായിരുന്നു? വിശേഷങ്ങളുമായി അഖില ഭാർഗവൻ

 Actress Akhila Bhargavan Premalu Movie: മുൻപ് സിനിമ കാണുന്ന ഒരു വ്യക്തിയേ ആയിരുന്നില്ല ഞാൻ. എങ്കിലും ഒരുപാട് ആക്ടേഴ്സ് പ്രചോദനമായിട്ടുണ്ട്. നേരിട്ട് എപ്പോഴെങ്കിലും കാണണം എന്ന് ഒരുപാട് ആ​ഗ്രഹം തോന്നിയിട്ടുള്ളത് ഇന്ദ്രൻസ് ചേട്ടനെയാണ്

Written by - M.Arun | Edited by - Zee Malayalam News Desk | Last Updated : Feb 19, 2024, 08:25 AM IST
  • എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പ്രേമലുവിന് സാധിച്ചിട്ടുണ്ട്
  • ഹൈദരബാദിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഞങ്ങൾ എല്ലാവരും
  • ഷൂട്ടിം​ഗ് സെറ്റിലെ അനുഭവങ്ങളും അടക്കം എല്ലാം സ്പെഷ്യലാണ്
Akhila Bhargavan | ആ ദേഷ്യത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്തായിരുന്നു? വിശേഷങ്ങളുമായി അഖില ഭാർഗവൻ

ഒറ്റ നോട്ടത്തിൽ ചിലപ്പോ നമ്മുടെ വീട്ടിലെ കുട്ടിയാണോ എന്ന് തോന്നിപ്പോകും.  സ്ക്രീനിൽ അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് പോലും തോന്നിച്ചാണ് അനുരാ​ഗ് എ‍ഞ്ചിനിയറി​ഗ് വ‍ർക്ക്സുമായി അഖില ഭാ‍​ർ​ഗവൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പൂവനും അയൽവാശിയും താരത്തിനെ ഹൈലൈറ്റ് ചെയ്തപ്പോൾ പ്രേമലു നൽകിയ ഹിറ്റ് ജംപ് അഖിലയുടെ കരിയറിന് വേ​ഗത കൂട്ടുകയാണ്. ജീവിതത്തിലെന്ന പോലെ ഭർത്താവ് രാഹുലും പ്രേമലുവിൽ അഖിലക്കൊപ്പമുണ്ട്. കടന്നു വന്ന വഴികളും കരിയറും പ്രേമലുവിന്റെ വിജയാ​ഹ്ലാദത്തോടൊപ്പം അഖില സീ മലയാളം ന്യൂസിനോട് പങ്കു വെക്കുന്നു. 

ഇത്രത്തോളം ഇംപാക്ട് കരുതിയില്ല. 

പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് പ്രേമലുവിലൂടെ കിട്ടിയത്. ഒരു മിനിമം ​ഗ്യാരണ്ടി ഉറപ്പ് പറയാൻ സാധിക്കുന്ന സംവിധായകൻ തന്നെയാണ് ​ഗിരീഷ് എ.ഡി. മുൻ ചിത്രങ്ങളായ തണ്ണീർ മത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും മലയാളികൾ ഏറ്റെടുത്തതാണ്. ഒപ്പം വിജയ സിനിമകളുടെ സാരഥികളായ ഭാവന സ്റ്റുഡിയോസ് കൂടെ ഒത്തു ചേർന്നപ്പോൾ അത് ഇരട്ടി മധുരമായി. എങ്കിലും ഇത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയില്ല. 

Premalu

90-സ് കിഡ്സ് മാത്രമല്ല

സത്യത്തിൽ എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പ്രേമലുവിന് സാധിച്ചിട്ടുണ്ട് എന്നു വേണം പറയാൻ.  പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന തമാശകളാണ് സിനിമയിലുടനീളം. 90 S കിഡ്സ് മാത്രമല്ല പ്രായമായവർ വരെ തിയേറ്ററിൽ കുടുകുടാ ചിരിക്കുകയായിരുന്നു. 

സിനിമ ഉറപ്പേ ഉണ്ടായിരുന്നില്ല

അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സ് ആയിരുന്നു ആദ്യ വർക്ക്. സിനിമയിലേക്കുള്ള ചുവട് വെയ്പ്പും അത് വഴി ആയിരുന്നു. അഭിനയ മോഹം പണ്ട് മുതൽക്കേ ഉണ്ടായിരുന്നെങ്കിലും സിനിമയിലെത്തും എന്ന് ഒരുറപ്പുണ്ടായിരുന്നില്ല. ഞാനും ഹസ്ബന്റും ഒരുമിച്ച് ചെയ്ത റീൽസ് കണ്ടിട്ടാണ് അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സിൽ അവസരം ലഭിച്ചത്. ഒപ്പം അഭിനയിച്ച വിനീത് വാസുദേവൻ വഴിയാണ് പിന്നീട് പൂവൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്താൻ കാരണമായത്. പൂവനിലും രണ്ടു പേരും ജോ‍​‍‍‍‍ഡിയായാണ് അഭിനയിച്ചത്. 

ആ നാച്വുറാലിറ്റി മനപ്പൂർവ്വം അല്ല

അനുരാ​ഗിന് ശേഷം അഭിനയത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരോ വർക്കിനു ശേഷവും പലതും ഇംപ്രൂവ് ചെയ്യാമായിരുന്നു എന്ന് തോന്നും. അഭിനയത്തിൽ വരുന്ന നാച്വുറാലിറ്റി മനപ്പൂർവ്വം അല്ല.  ചില ഘട്ടങ്ങളിൽ എക്സ്പ്രസീവ് ആവേണ്ട സീൻസ് ഉണ്ടാവാറുണ്ട്, അപ്പോ​​ൾ സംവിധായകരുടെ നിർദ്ദേശപ്രകാരം അഭിനയിക്കേണ്ടി വരും. സ്ക്രിപ്റ്റ് വായിച്ച് കഴിഞ്ഞ‍ാൽ ആ കഥാപാത്രത്തിന്റെ മാനറിസം പഠിക്കാൻ ശ്രമിക്കാറുണ്ട്. പ്രേമലുവിലെ കാർത്തിക ഐടി ഫീൽഡിൽ വർക്കു ചെയ്യുന്നയാളാണ്. ആ പെൺകുട്ടി എങ്ങനെയെല്ലാം പെരുമാറുമെന്ന് നേരത്തെ മനസിലൊരു രൂപമുണ്ടായിരുന്നു. 

Premalu

അത്ര എളുപ്പല്ലാട്ടോ...

ഷോർട് ഫിലിം, സിനിമ, റീൽസ് ഇത് മൂന്നും എളുപ്പമല്ല. ഇൻസ്റ്റ​ഗ്രാമിൽ കാണുമ്പോൾ ഒരു റീൽസ് വെറും 60 സെക്കന്റ് മാത്രമേ ഉണ്ടാവുള്ളു. എന്നാൽ അത് ഷൂട്ട് ചെയ്ത് ഫിനിഷ് ചെയ്യാൻ ഒരു ദിവസം മുഴുവൻ വേണ്ടി വരും. ഏത് ഫീൽഡ് ആണെങ്കിലും എഫർട്ട് വേണം. നമ്മളുടെ കഷ്ടപ്പാടും കൂടി ചേ‍ർന്നതാണ് അതിന്റെ റിസൾട്ട്.

ബഡായി ബം​ഗ്ലാവും ആര്യയുടെ വീഡിയോയും

മ്യൂസിക്കലി, ഡബ്സ്മാഷ് തുടങ്ങിയ ആപ്പുകളിലൂടെയാണ് അഭിനയിക്കാനുള്ള ആ​ഗ്രഹം ഉണ്ടായത്. ബഡായി ബം​ഗ്ലാവിലെ ആര്യയുടെ വീഡിയോ ഡബ്സ്മാഷ് ചെയ്തത് വൈറലായിരുന്നു. അത് കണ്ടിട്ട് ബഡായി ബം​ഗ്ലാവിൽ ക്ഷണം ലഭിച്ചിരുന്നു. അതിനു ശേഷം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും പഠനം, ജോലി, വിവാഹം എന്ന രീതിയിൽ ജീവിതം പോയി. വിവാഹത്തിനു ശേഷം ഹസ്ബന്റുമൊത്തുള്ള റീൽസ് വീഡിയോകളാണ് ഷോട്ട്ഫിലിം വഴി സിനിമയിലെത്തിച്ചത്. 

സിനിമ കണ്ടിരുന്ന ആളേയല്ല

മുൻപ് സിനിമ കാണുന്ന ഒരു വ്യക്തിയേ ആയിരുന്നില്ല ഞാൻ. എങ്കിലും ഒരുപാട് ആക്ടേഴ്സ് പ്രചോദനമായിട്ടുണ്ട്. നേരിട്ട് എപ്പോഴെങ്കിലും കാണണം എന്ന് ഒരുപാട് ആ​ഗ്രഹം തോന്നിയിട്ടുള്ളത് ഇന്ദ്രൻസ് ചേട്ടനെയാണ്. അത് പണ്ട് മുതൽക്കെയുണ്ട്.

കാ‍ർത്തികയുടെ ആ ദേഷ്യവും, എന്റെ കരച്ചിലും

കാ‍ർത്തികയുടെ ദേഷ്യം ആ ചമ്മലിന്റെയാണ്.  കാർത്തികയും അഖിലയും തമ്മിൽ ഒരുപാട് അന്തരവുണ്ട്. കാർത്തിക വളരെ ബോർഡായിട്ടുള്ള കുട്ടിയാണ്. ഞാൻ അത്രക്ക് സംസാരിക്കുന്ന ആളല്ല. അതിനാൽ അത്തരമൊരു സാഹചര്യത്തിൽ ഞാൻ പെട്ടുപോകും. നോ പറയാൻ വളരെ പാടുള്ള ഒരാളാണ് ഞാൻ. കാ‍ർത്തിക അങ്ങനയേ അല്ല. 

ᴀᴋʜɪʟᴀ ʙʜᴀʀɢᴀᴠᴀɴ

അഖിലയും ഭർത്താവ് രാഹുലും

 

ഷൂട്ട് നടന്ന ഹൈദരബാദിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഞങ്ങൾ എല്ലാവരും. അതുകൊണ്ട് എല്ലാവരുമായും നല്ല അടുപ്പമുണ്ടായി. ആ സൗഹൃദവും, ഷൂട്ടിം​ഗ് സെറ്റിലെ അനുഭവങ്ങളും എല്ലാം സ്പെഷ്യലാണ്. സിനിമ കണ്ടിറങ്ങിയപ്പോൾ ഇമോഷണലായതും അതുകൊണ്ടാണ്. ഡബ്ബ് ചെയ്തപ്പോൾ എന്റെ ഭാ​ഗം മാത്രമാണ് കണ്ടത്. സിനിമ ഞാൻ കാണുന്നത് ഒരു സാധാരണ പ്രേക്ഷകയായാണ്. റീനുവിന്റെയും സച്ചിന്റെയും ആ ക്ലൈമാക്സ് വല്ലാതെ ടച്ച് ചെയ്തു. അതൊക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു

കാത്തിരുന്നത് പ്രേമലുവിനായി

പ്രേമലുവിന്റെ റിലീസിനു വേണ്ടിയാണ് ഇതുവരെ കാത്തിരുന്നത്. ഇനി പുതിയ പ്രൊജക്ടുകൾക്ക് വരുന്നത് അനുസരിച്ച് വർക്ക് ചെയ്യണം എന്നുണ്ട്. നായികാ വേഷം തന്നെ വേണമെന്ന് ആ​ഗ്രഹമില്ല. കൂടുതലും ക്യാരക്ടർ റോളുകളോണ് താൽപര്യം. എങ്കിലും നായിക പ്രാധാന്യമുള്ള വേഷം ലഭിച്ചാൽ തീർച്ചയായും ചെയ്യും. 

പ്രേക്ഷകരോടായി...

പ്രണയിക്കുന്നവ‍ർക്കും പ്രണയിക്കാത്തവ‍‍ർക്കും പ്രണയം സപ്പോ‍ർട്ട് ചെയ്യുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് പ്രേമലു. എല്ലാവരും തീയ്യേറ്ററിൽ തന്നെ പോയി ചിത്രം കാണണം. നിങ്ങളുടെ വിശേഷങ്ങൾ കോളായോ മെസ്സേജായോ അറിയിക്കാം.. ഒരുപാട് നന്ദി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News