ട്രാൻസ്ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ചുള്ള ഒരു റോഡ് ത്രില്ലർ ചിത്രമാണ് റിലീസിനായി കാത്തിരിക്കുന്ന മലയാള സിനിമ 'അതേർസ്'. ഇതുവരെ പറയാത്ത രീതിയിൽ സമൂഹം ചർച്ച ചെയ്യേണ്ട വളരെ വലിയ വിഷയമുള്ള ഗൗരവമുള്ള കാര്യങ്ങൾ പറയാൻ 'അതേഴ്‌സ്' ഒരുങ്ങുകയാണ്. സാധാരണയായി ട്രാൻസ്ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിയുടെ വിഷമങ്ങളും സങ്കടങ്ങളും മാത്രമാണ് സിനിമകൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ 'അതേഴ്‌സ്' ഇവരുടെ വിജയവും ധൈര്യവും സംസാരിക്കുന്ന ഒന്നായി മാറും.
റോഡ് മൂവിയിലൂടെ കഥപറയാനുള്ള കാരണം?
പൊതുവെ നമ്മൾ ട്രാൻസ്ജെൻഡേഴ്‌സിനെ കാണുന്നത് രാത്രി സമയങ്ങളിലാണ്. ഈ കഥയും രാത്രി നടക്കുന്ന ഒരു കഥയാണ്. കഥ ആവശ്യപ്പെട്ടതുകൊണ്ടും പിന്നെ ഇവർ എന്തുകൊണ്ട് വെളിച്ചത്ത് വരുന്നില്ല എന്നത് സംബന്ധിച്ചൊക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ട്, അത് റിലീസായിക്കഴിഞ്ഞ് മനസ്സിലാകും.
എന്തുകൊണ്ടാണ് സിനിമയ്ക്ക് 'അതേഴ്‌സ്' എന്ന പേരിടാൻ കാരണം? സമൂഹം അവരെ അതേഴ്‌സായി കാണുന്നതുകൊണ്ടാണോ?
ആപ്ലിക്കേഷൻ ഫോമിൽ മെയിൽ, ഫീമെയിൽ, അതേഴ്‌സ് എന്നല്ലേ കാണുന്നത്. ഞാൻ ഇട്ടതല്ല ആ പേര്. മാറിവരുന്ന സർക്കാരും സമൂഹം ചാർത്തിയതാണ്. ഇപ്പോൾ കുറച്ച് മാറി വരുന്നുണ്ട്. ഇപ്പോഴത്തെ ജെനറേഷനിലെ ആളുകൾ ഒന്നുകൂടി സപ്പോർട്ടീവാണ്.
ട്രാൻസ്ജെൻഡേഴ്‌സ് അനുഭവിക്കുന്ന പ്രശ്‌നങ്ങളാണോ ചിത്രത്തിന്റെ പ്രമേയം?
അല്ല. ഞാൻ കണ്ടിട്ടുള്ള സിനിമകൾ അത്രയും പറഞ്ഞത് ഇവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളുമൊക്കെയാണ്. ഫുൾ കണ്ണീരും കിനാവും മാത്രമായി നടക്കുന്നവരാണ്. നമ്മുടെ സിനിമയിൽ നായകനും അപ്പുറത്ത് നിൽക്കുന്ന സ്ട്രോങ്ങ് ആയിട്ടുള്ള പേഴ്‌സണാലിറ്റി ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഉള്ളതുകൊണ്ട് മുഴുവനായി ഇപ്പോൾ പറയാൻ സാധിക്കില്ല.
സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?
ചിത്രത്തിൽ 5 ട്രാൻസ്ജെൻഡേഴ്‌സാണ് ഉള്ളത്. അതിൽ ഒരാൾ ചിത്രത്തിൽ കുറച്ചുകൂടി ലെങ്ങ്തി ക്യാരക്ടറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ആ വ്യക്തിയെക്കുറിച്ച് കൂടുതലായി പറയാൻ സാധിക്കില്ല. ആ വ്യക്തി സോഷ്യൽ മീഡിയയിൽ നല്ല ആക്റ്റീവ് ആയ വ്യക്തിയാണ്. ചിത്രത്തിലെ സ്റ്റാർ ഇതിന്റെ തിരക്കഥ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഇങ്ങനെയൊരു കാസ്റ്റിലേക്ക് പോകാനുള്ള കാരണം. ഒരു വലിയ കാസ്റ്റ് വന്നാൽ അത് അവരുടെ സിനിമയാകാൻ സാധ്യതയുണ്ട്.
ചിത്രത്തിന്റെ മാർക്കറ്റിങ്ങിനെ സ്റ്റാർ കാസ്റ്റ് ഇല്ലാത്തത് ബാധിക്കുമെന്ന് തോന്നിയിട്ടില്ലേ?
ഒരിക്കലുമില്ല. ഞാൻ വിശ്വസിക്കുന്നത് ഒരു സ്റ്റാർ ഉണ്ടെങ്കിൽ തീയേറ്ററിലേക്ക് ആളുകളെ കൊണ്ടുപോകാൻ പറ്റും. എന്നാൽ 2 അര മണിക്കൂർ അവരെ പിടിച്ച് ഇരുത്തണമെങ്കിൽ ആ കഥ നന്നായിരിക്കണം, സ്ക്രിപ്റ്റ് നന്നായിരിക്കണം, പെർഫോർമൻസ് നന്നായിരിക്കണം. ഒരു സ്റ്റാറിനെ വെച്ച് ആളുകളെ കബളിപ്പിക്കാൻ താല്പര്യമില്ല.
ഒടിടിയുടെ സ്വീകാര്യതയാണോ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിന്റെ കാരണം?
സിനിമ ഷൂട്ട് ചെയ്യുമ്പോൾ തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റുമെന്നൊന്നും അറിയില്ലായിരുന്നു. ഔട്ട് ഇറക്കിയതൊക്കെ ഒരു തിയേറ്റർ ഔട്ട് എന്ന രീതിയിൽ തന്നെയാണ്. എന്നാൽ പ്രൊഡ്യൂസർമാരോട് സംസാരിച്ചപ്പോൾ അവർക്ക് മുതൽ മുടക്കിയതിന്റെ ലാഭം കിട്ടാൻ ഒടിടി സഹായകരമാകും. ഈ ചിത്രം പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.