ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേർസ് ഉള്ള മെന്റലിസ്റ്റ് ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ. തിരുവനന്തപുരം സ്വദേശിയായ അനന്തു. മെന്റലിസ്റ്റ് അനന്തുവിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. മാന്ത്രിക വിദ്യകളികൂടെ മുന്നിലുള്ള ആളിന്റെ മനസ് വായിച്ചു മനം കവരുകയാണ് അനന്തു. മെന്റലിസം എന്ന മായാലോകത്തിന്റെ വിശേഷങ്ങൾ സീ മലയാളം ന്യൂസിനോട് പങ്കുവെക്കുകയാണ് അനന്തു.
മെന്റലിസ്റ്റ് അനന്തുവിലേക്കുള്ള വളർച്ച
മജീഷ്യനായിട്ടായിരുന്നു തുടക്കം. അത്ഭുതങ്ങൾ കാണാനും കേൾക്കാനും ഉള്ള താല്പര്യമാണ് മാജിക്കിലേക് എത്തിച്ചത്. പൂജപ്പുര മനുവിന്റെ കീഴിലായിരുന്നു മാജിക്കിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. പിന്നീട് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനായി. മാജിക്ക് പഠിക്കുമ്പോൾ തന്നെയാണ് മെന്റലിസത്തിലേക്ക് ശ്രദ്ധ കീന്ദ്രീകരിച്ച തുടങ്ങിയതെന്നും അനന്തു പറയുന്നു.
പ്രചോദനമായത് മണിച്ചിത്രത്താഴും ഷെർലക് ഹോംസും
മെന്റലിസത്തിലേക്ക് വരാൻ മണിച്ചിത്രത്താഴ് സിനിമ വലിയ പ്രചോദനം ആയെന്ന് അനന്തു പറയുന്നു. സിനിമയിലെ മോഹൻലാലിന്റെ സൈക്കോളജി പ്രയോഗങ്ങൾ തന്നേ വല്ലാതെ സ്വാധീനിച്ചു. കൂടാതെ ഷെർലക് ഹോംസും തനിക്ക് വലിയ ഒരു ഇൻസ്പിറേഷനായിരുന്നുയെന്ന് അനന്തു കൂട്ടിച്ചേർത്തു.
മോട്ടിവേഷൻ വീഡിയോകളിലേക്ക്
ജീവിതത്തിൽ തനിക്കുണ്ടായ ചില അനുഭവങ്ങൾ തന്നെയാണ് മോട്ടിവേഷൻ വീഡിയോകളുടെ കണ്ടെന്റ് ആയി മാറിയതെന്നാണ് അനന്തു പറയുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്താൻ സാധിക്കുന്ന വിഷയങ്ങളാണ് വീഡിയോകൾക്കായി തെരഞ്ഞെടുക്കാറുള്ളതെന്നും അത്തരം വീഡിയോകളെ ആളുകൾ സ്വീകരിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും അനന്തു പറഞ്ഞു. ലോക്ഡൗൺ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ സാധിച്ചത്. പുതിയ ആശയങ്ങളും പരീക്ഷണങ്ങളും ആ ദിവസങ്ങളിൽ ചെയ്യാൻ സാധിച്ചു. മോട്ടിവേഷൻ വീഡിയോകൾ ആരംഭിച്ചതും അത്തരമൊരു പരീരക്ഷണത്തിന്റെ ഭാഗമായിരുന്നു.
ALSO READ : എഴുത്തുകാരിയെ തേടിയെത്തിയ കൊലയാളികളും,ഡിറ്റക്ടീവ് നോവലിന്റെ രസതന്ത്രവും: അഭിമുഖം-ശ്രീ പാർവ്വതി
ചിരിയാണ് മെയിൻ
നിറഞ്ഞ ചിരിയോടെയല്ലാതെ അനന്തുവിനെ കണ്ടവരുണ്ടാവില്ല. എല്ലാവർക്കും ഫ്രീ ആയി കൊടുക്കാൻ സാധിക്കുന്ന ഒന്നല്ലേ നമ്മുടെ ചിരി എന്നാണ് അനന്തുവിന്റെ മറുപടി. ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് എല്ലാവർക്കും ഭംഗിയാണെന്നും മെന്റലിസ്റ്റ് പറയുന്നു.
മാജിക്കോ മെന്റലിസമോ കൂടുതൽ ഇഷ്ടം
രണ്ടും ഒരുപോലെ ഇഷ്ട്ടപ്പെട്ടതാണെന്നാണ് അനന്തുവിന്റെ മറുപടി. മാജിക്കിന്റെ കൂടുതൽ അഡ്വാൻസ്ഡ് പതിപ്പാണ് മെന്റലിസമെന്നും ഭാവിയിൽ മെന്റലിസ്റ്റ് എന്ന നിലയിൽ അറിയപ്പെടാനാണ് കൂടുതൽ താത്പര്യമെന്നും അനന്തു പറഞ്ഞുവയ്ക്കുന്നു. ശാസ്ത്രീയമായ കലാരൂപമായ മാജിക്കിൽ സൈക്കോളജിക്കൽ കണ്ടെന്റ് കൂടി ചേരുന്നതാണ് മെന്റലിസം എന്നാണ് അനന്തുവിന്റെ വാദം.
കൂടെ സിനിമ മോഹവും
സിനിമയുടെ അണിയറയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവും അനന്തുവിനുണ്ട്. എപ്പോഴും മനസ്സിലിട്ട് ആലോചിക്കുന്ന വിഷയം അല്ലെങ്കിലും മെന്റലിസവുമായി ബന്ധപ്പെട്ടു വരുന്ന സബ്ജെക്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിനിമ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ഭാഗമാകണമെന്ന ആഗ്രഹം തനിക്ക് ഉണ്ടെന്നും അനന്തു അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.