രാഷ്ട്രീയത്തില്‍ ഏറെ സജീവമായ മുകേഷ് തിരക്കുകള്‍ക്കിടയിലും തനിക്ക് ലഭിക്കുന്ന സിനിമാ അവസരങ്ങള്‍ ഉപേക്ഷിക്കാറില്ല.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന അവസരത്തിലാണ് മുകേഷ് സ്പീക്കിംഗ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. തന്‍റെ സിനിമാ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ പങ്കിടുകയാണ് മുകേഷ് (Mukesh) ഈ പരിപാടിയിലൂടെ.....
അടുത്തിടെ മുകേഷ് പങ്കുവച്ച ഉര്‍വശിയെക്കുറിച്ചുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഉര്‍വശി കണ്ടെത്തിയ മുകേഷിലെ സംഗീതജ്ഞന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. ഉര്‍വശിയെക്കുറിച്ചുള്ള കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
താന്‍ ഉര്‍വശിയെ പറ്റിച്ചതും ആ കള്ളം ദിവസങ്ങള്‍ക്കുശേഷം അവര്‍ കൈയോടെ പിടികൂടിയതുമാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്.
നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയ്ക്കിടയിലായിരുന്നു സംഭവം. മുകേഷ്, ഉര്‍വശി, ജയറാം, രഞ്ജിനി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഉര്‍വശിയുടെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസമായിരുന്നു അത്. മേക്കപ്പ് ചെയ്ത് ഉര്‍വശി സെറ്റില്‍ ഇരിക്കുന്നത് മുകേഷ് കണ്ടിരുന്നു. ഇതോടെയാണ് ഉര്‍വശിയെ ഒന്ന് പറ്റിക്കാന്‍ മുകേഷ് തീരുമാനിച്ചത്.
അവിടെ കിടന്ന ഒരു പേപ്പറില്‍ എന്തൊക്കെയോ എഴുതുന്നതുപോലെ കാണിച്ചു, അപ്പോള്‍ അവിടെയ്ക്ക് വന്ന ഉര്‍വശിക്ക് താന്‍ എന്താണ് എഴുതുന്നത് എന്നറിയാന്‍ കൗതുകമായി. പ്രേമലേഖനം എഴുതുകയാണ് എന്നാണ് ഉര്‍വശി സംശയിച്ചത് എന്ന് തനിക്ക് മനസിലായിരുന്നുവെന്നും മുകേഷ് പറഞ്ഞു. ഇടയ്ക്ക് ചില വരികളൊക്കെ കുറിക്കുമെന്നും പിന്നീട് വെട്ടിക്കളയുന്ന ശീലമുണ്ടെന്നും മുകേഷ് ഉര്‍വശിയോട് വെളിപ്പെടുത്തി.
തിരുനെല്ലിക്കാട് പൂത്തു എന്ന ഗാനത്തിന്‍റെ വരികളായിരുന്നു പേപ്പറിലേക്ക് എഴുതിയത്. വരികള്‍ വായിച്ച ഉര്‍വശിയ്ക്ക് ഇഷ്ടമായി. എഴുത്ത് ഗംഭീരമായിരിക്കുന്നുവെന്നും ഇത് വിട്ട് കളയരുതെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു. വരികള്‍ മാത്രമല്ല പാട്ടിന്‍റെ ഈണവും കേള്‍പ്പിച്ചു. ഇതോടെ ഉര്‍വശിയ്ക്ക് ഏറെ പിടിച്ചു. താന്‍ അഭിനയിക്കുന്ന അടുത്ത ചിത്രത്തില്‍ പാട്ടെഴുതാനും സംഗീത സംവിധാനത്തിനും അവസരം ഒപ്പിക്കാമെന്നും ഉര്‍വശി പറഞ്ഞു.
എന്നാല്‍, ദിനരാത്രങ്ങള്‍ എന്ന ചിത്രം റിലീസ് ചെയ്തതോടെ ഉര്‍വശി തന്‍റെ കള്ളത്തരം പൊളിച്ചടുക്കിയതായും മുകേഷ് വെളിപ്പെടുത്തി. 'ഗാനരചന, സംഗതം, എന്തൊക്കെയായിരുന്നു. എല്ലാം അഭിനയമായിരുന്നില്ലേ? ഇനി ഞാന്‍ ജീവിതത്തില്‍ നിങ്ങളെ വിശ്വസിക്കില്ല, ഇതായിരുന്നു പരിഭവത്തോടെ അന്ന് ഉര്‍വശി പറഞ്ഞത്. ഉര്‍വശിയുടെ ഡയലോഗ് കേട്ട് താന്‍ ഉള്ളില്‍ ചിരിച്ചുവെന്നും താരം വെളിപ്പെടുത്തി.
മുകേഷ് സ്പീക്കിംഗ് എന്ന പരിപാടിയില്‍ താരം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. മുകേഷിന്‍റെ രസകരമായ രീതിയിലുള്ള കഥ പറച്ചില്‍ ഏറെ മനോഹരം എന്നായിരുന്നു വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...