മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം മോൺസ്റ്ററിലെ വീഡിയോ ഗാനം പുറത്തിറക്കി. 'ഘൂം ഘൂം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കൊച്ച് പെൺക്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന മോഹൻലാലിനെയാണ് ഗാനരംഗത്ത് കാണാൻ സാധിക്കുക. ദീപക് ദേവാണ് സംഗീത സംവിധായകൻ. മലയാളം വരികൾ ഹരി നാരായണനും ഹിന്ദി വരികൾ തനിഷ്ക് നബാറുമാണ് രചിച്ചിരിക്കുന്നത്. പ്രകാശ് ബാബു, അലി ഖലി മിർസ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ ആകെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ഒരു ചെകുത്താനെ നശിപ്പിക്കാൻ മറ്റൊരു ചെകുത്താൻ തന്നെ വേണമെന്നാണ് ട്രെയിലറിൽ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നാളുകൾക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. എന്നാൽ റിലീസ് നീണ്ട് പോകുകയായിരുന്നു.
മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പഞ്ചാബി വേഷത്തിലുള്ള മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.
മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്.
അതേസമയം ജീത്തു ജോസഫ് ചിത്രം റാമിന്റെ യുകെയിലെ ഷൂട്ടിങ് മോഹൻലാൽ പൂർത്തിയാക്കി. ഇനി ഷൂട്ടിങ്ങിനായി മൊറോക്കോയിലേക്ക് പോകും. ഇതിനിടയിൽ കൊച്ചിയിൽ മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. എന്നാൽ ഇതിൽ മോഹൻലാൽ പങ്കെടുക്കുമോയെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ആകെ 40 ദിവസമാണ് മൊറോക്കോയിൽ ചിത്രത്തിൻറെ ഷൂട്ടിങ് ഉള്ളത്. അതിന് ശേഷം 5 ദിവസം ട്യുണീഷ്യയിലും ചിത്രത്തിൻറെ ഷൂട്ടിങ് ഉണ്ട്. കോവിഡ് രോഗബാധയെ തുടർന്ന് നിന്ന് പോയ ചിത്രത്തിന്റെ ഷൂട്ടിങാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 40 ദിവസങ്ങളാണ് ചിത്രം ലണ്ടനിൽ ഷൂട്ട് ചെയ്തത്.
ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കാൻ എത്തുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ - ഓർഡിനേറ്റർ പീറ്റർ പെഡ്രേറോയാണ്. പീറ്റർ പെഡ്രേറോ ഇതിനോടകം തന്നെ ചിത്രത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ച് കഴിഞ്ഞു. മിഷൻ ഇമ്പോസ്സിബിൾ എന്ന ചിത്രത്തിൻറെ മുഴുവൻ സ്റ്റണ്ട് കോ - ഓർഡിനേറ്റിങ് ടീമും റാമിൽ പ്രവർത്തിക്കുന്നുണ്ട്. മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാന്റെ ബോഡിഗാർഡ്’, ‘അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ’ എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത് പീറ്റർ പെഡ്രേറോ ആയിരുന്നു.
ചിത്രത്തിൽ മോഹൻലാൽ റോ ഏജന്റായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റാം മോഹൻ ഐപിഎസ് എന്ന റോ ഏജന്റായി മോഹൻലാൽ എത്തുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...