Malikappuram: 'താരകാമ്പരമേ'...കണ്ണുകളെ ഈറനണിയിക്കുന്ന ​ഗാനം; മാളികപ്പുറത്തിലെ വീഡിയോ ​ഗാനം പുറത്ത്

ഫെബ്രുവരിയിൽ മാളികപ്പുറം ഒടിടി പ്ലാറ്റഫോമായ ഡിസ്നി ഹോട്ട്സ്റ്ററിൽ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേ എന്ന വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 03:17 PM IST
  • തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകുയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം.
  • ചിത്രം ഇതിനോടകം 100 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു.
  • 3.5 കോടിക്ക് നിർമിച്ച ചിത്രമാണ് മാളികപ്പുറം.
Malikappuram: 'താരകാമ്പരമേ'...കണ്ണുകളെ ഈറനണിയിക്കുന്ന ​ഗാനം; മാളികപ്പുറത്തിലെ വീഡിയോ ​ഗാനം പുറത്ത്

തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മാളികപ്പുറം എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. താരകാമ്പരമേ എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സം​ഗീതം നൽകിയത്. രഞ്ജിൻ രാജും അപർണ രാജീവും ചേർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പോലെ തന്നെ പുതിയ ​ഗാനവും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകുയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ചിത്രം ഇതിനോടകം 100 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. 3.5 കോടിക്ക് നിർമിച്ച ചിത്രമാണ് മാളികപ്പുറം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു മാളികപ്പുറത്തിന്റെ 100 കോടി ക്ലബ് നേട്ടം. തമിഴ്നാട്ടിൽ ഉൾപ്പെടെ ചിത്രം ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രം 35 കോടി കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു ചിത്രം.

ഫെബ്രുവരിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലേ എന്ന വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Also Read: Enkilum Chandrike: മുത്തേ ഇന്നെന്‍ കണ്ണില്‍... എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

 

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

Trending News