ജാതി രാഷ്ട്രീയവും, വിവേചനങ്ങളും ; ആരാണ് മാമന്നൻ ? | Maamannan Review

Maamannan Movie Original Malayalam Review: ഇന്നും ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന മണ്ഡലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. പല വിഭാഗങ്ങളും വിവേചനങ്ങളും നേരിടാറുണ്ട്

Written by - Ajay Sudha Biju | Edited by - M.Arun | Last Updated : Jun 30, 2023, 01:09 PM IST
  • വടിവേലുവിന്‍റെ കഥാപാത്രത്തിന്‍റെ മകനായാണ് അതിവീരൻ എന്ന ഉദയനിഥി സ്റ്റാലിന്‍റെ കഥാപാത്രം
  • അതിവീരൻ കരയുന്ന രംഗമെല്ലാം അതിന്‍റെ ഭീകരത പ്രേക്ഷകർക്ക് മനസ്സിലാകുന്ന വിധത്തിൽ തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്
  • നായകന്‍റെ പ്രശ്നങ്ങൾക്ക് പിൻതുണയുമായി കൈയടിച്ച് കൂടെ നിൽക്കുന്ന നായിക
ജാതി രാഷ്ട്രീയവും, വിവേചനങ്ങളും ; ആരാണ് മാമന്നൻ ? | Maamannan Review

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ലഭിക്കുന്നതിന് മുൻപ് തന്നെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന വിഷയമാണ് പട്ടികജാതി, ആദിവാസി സംവരണ മണ്ഡലങ്ങൾ. ഇന്നും പല രാഷ്ട്രീയ ചർച്ചകൾക്കും അത്തരം മണ്ഡലങ്ങൾ കാരണമാകാറുണ്ട്. പല രാഷ്ട്രീയ പാർട്ടികളും ഇത്തരം മണ്ഡലങ്ങളിൽ നിന്ന് ജയിക്കുന്ന സ്ഥാനാർത്ഥികൾക്ക് നൽകുന്ന സ്ഥാനമാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ ആഘോഷമാക്കാറുണ്ട്. എന്നാൽ പാർട്ടികളുടെ രാഷ്ട്രീയ ആയുധങ്ങൾ എന്നതിനപ്പുറം ഇവർക്ക് രാഷ്ട്രീയത്തിൽ എന്തെങ്കിലും റോൾ ഉണ്ടാകാറുണ്ടോ ? അവർക്ക് അർഹമായ പരിഗണന ലഭിക്കാറുണ്ടോ ? 

ഇന്നും ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന മണ്ഡലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. പല വിഭാഗങ്ങളും വിവേചനങ്ങളും നേരിടാറുണ്ട്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാരി സെൽവരാജ് അണിയിച്ചൊരുക്കിയ ഒരു പൊളിറ്റിക്കൽക്കൽ സോഷ്യൽ ഡ്രാമയാണ് മാമന്നൻ. കോമഡി വേഷങ്ങളിലൂടെ നമ്മെ ഒരുപാട് ചിരിപ്പിച്ച വടിവേലു, ഉദയനിഥി സ്റ്റാലിൻ, മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മാമന്നൻ എന്ന വടിവേലുവിന്‍റെ കഥാപാത്രത്തിന്‍റെ മകനായാണ് അതിവീരൻ എന്ന ഉദയനിഥി സ്റ്റാലിന്‍റെ കഥാപാത്രം അഭിനയിക്കുന്നത്.

Also Read: Chaaver Movie : ചാവേറിന്റെ റിലീസ് ഉടൻ; ടിനു പാപ്പച്ചൻ സിനിമയുടെ പുതിയ അപ്ഡേറ്റ് ഉടൻ എന്ന് അണിയറ പ്രവർത്തകർ

മാമന്നൻ ഒരു പട്ടികജാതി സംവരണ മണ്ഡലത്തിലെ എംഎൽഎയാണ്. ഫഹദ് ഫാസിലിന്‍റെ രത്നവേലും എന്ന കഥാപാത്രം അതേ പാർട്ടിയിൽത്തന്നെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരു നേതാവും. ഒരിക്കൽ ഈ മൂന്നുപേർക്കുമിടയില്‍ ഉണ്ടാകുന്ന പ്രശ്നവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വടിവേലു, ഉദയനിഥി സ്റ്റാലിൻ എന്നിവർ അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഈ ചിത്രത്തിൽ കാഴ്ചവച്ചത്.തന്‍റെ അഭിനയ ജീവിതത്തിൽ നിരവധി വിമർശനങ്ങൾ നേരിട്ട ഉദയനിഥി സ്റ്റാലിന് ഹേറ്റേഴ്സിന് മുന്നിൽ ഉയർത്തിക്കാട്ടാനാകുന്ന ഒരു കഥാപാത്രം തന്നെയാണ് അതിവീരൻ.

ചിത്രത്തിലെ ഒരു പ്രധാന സംഭവത്തിന് ശേഷം അതിവീരൻ കരയുന്ന ഒരു രംഗമെല്ലാം അതിന്‍റെ ഭീകരത പ്രേക്ഷകർക്ക് മനസ്സിലാകുന്ന വിധത്തിൽ തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം വടിവേലുവിന്‍റേതാണ്. ചിത്രത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾക്ക് അനുയോജ്യമായി വടിവേലുവിന്‍റെ പാട്ടും പല സ്ഥലങ്ങളിലായി വരുന്നുണ്ട്. ഈ പാട്ടിലൂടെ മാമന്നൻ എന്ന കഥാപാത്രത്തിന്‍റെ ദേഷ്യം, നിരാശ, വിഷമം തുടങ്ങിയ വികാരങ്ങൾ നല്ല രീതിയിൽ സംവദിക്കുന്നുണ്ട്. ഈ പാട്ടുകളിലൂടെ വടിവേലു ഒരു നല്ല ഗായകൻ കൂടി ആണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകും.ചിത്രത്തിലെ പ്രശ്നങ്ങൾ തുടങ്ങാൻ കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് കീർത്തി സുരേഷിന്‍റെ ലീല എന്ന കഥാപാത്രം.  

നായകന്‍റെ പ്രശ്നങ്ങൾക്ക് പിൻതുണയുമായി കൈയടിച്ച് കൂടെ നിൽക്കുന്ന നായിക എന്ന തമിഴ് സിനിമയിലെ ക്ലീഷേയാണ് ഈ കഥാപാത്രമെന്ന് തോന്നാമെങ്കിലും ലീലയിലൂടെയും മാരി സെൽവരാജ് മുന്നോട്ടുവയ്ക്കുന്ന ശക്തമായ ഒരു രാഷ്ട്രീയമുണ്ട്. ചിത്രത്തിന്‍റെ ഉള്ളിലേക്ക് ഇറങ്ങി ചിന്തിക്കുന്ന പ്രേക്ഷകർക്ക് ഉറപ്പായും അത് മനസ്സിലാകും. ലീലയെ കീർത്തി സുരേഷ് ഗംഭീരമായിത്തന്നെ കൈര്യം ചെയ്തിട്ടുണ്ട്. വിക്രത്തിലെ അമർ എന്ന കഥാപാത്രത്തിന് ശേഷം ഫഹദ് ഫാസിൽ തമിഴിൽ കൈര്യം ചെയ്യുന്ന ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ രത്നവേലു. നായക കഥാപാത്രങ്ങളെ എല്ലാം കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു എതിരെ നിൽക്കുന്ന രത്നവേലു എന്ന വില്ലൻ പുറത്തെടുത്തത്. അനാവശ്യമായ അലറിവിളിയോ കണ്ണുരുട്ടലോ ഇല്ലാതെ തന്നെ ആ കഥാപാത്രത്തിന്‍റെ ഭീകരത പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഫഹദ് ഫാസിലിന്‍റെ അസാധ്യ പ്രകടനത്തിന് സാധിച്ചു.

ALSO READ: അടിയല്ല പൊരിഞ്ഞടിയാണ്! ഇത്തവണ നടുക്ക് നീരജ് മാധവ്; ആർഡിഎക്സ് ടീസർ

രത്നവേലുവിനോട് നായക കഥാപാത്രങ്ങൾക്ക് തോന്നുന്ന അതേ ദേഷ്യവും വെറുപ്പും പ്രേക്ഷകരിലേക്കും എത്തിക്കാൻ സാധിച്ചത് ഫഹദിന്‍റെ വലിയൊരു വിജയമാണ്. തീർത്തും അപ്രതീക്ഷിതമായ തരത്തിൽ ഈ കഥാപാത്രം അടുത്ത് എന്ത് ചെയ്യും എന്നൊരു ഭീതി എപ്പോഴും നിലനിർത്തുന്നതായിരുന്നു രത്നവേലുവിന്‍റെ നോട്ടവും ചിരിയും എല്ലാം. ചിത്രത്തിൽ പല ക്ലീഷേകളെയും മാരി സെൽവരാജ് പൊളിച്ചടുക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പന്നി എന്ന മൃഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി. ഭൂരിഭാഗം ജനങ്ങളും അറപ്പോടെ കാണുന്ന ഒരു മൃഗത്തെ ഈ ചിത്രത്തിൽ അങ്ങേയറ്റം ഭംഗിയോടെയും നിഷ്കളങ്കമായുമാണ് കാണിച്ചിട്ടുള്ളത്.

അതുപോലെ ജാതി രാഷ്ട്രീയം പറയുന്ന ഭൂരിഭാഗം ചിത്രങ്ങളും വിവേചനം അനുഭവിക്കുന്ന ജനതയുടെ സായുധ പോരാട്ടങ്ങളെ ചെറുതായെങ്കിലും ന്യായീകരിക്കുകയും ഗ്ലോറിഫൈ ചെയ്യാറുമുണ്ട്. എന്നാൽ അക്രമത്തിന്‍റെ മാർഗമല്ലാതെ സമാധാനത്തിന്‍റെ പാതയിലൂടെയും മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് മാമന്നൻ പറയുന്നുണ്ട്. ജാതി വിവേചനങ്ങൾക്ക് ജനാധിപത്യ രീതിയിൽ കൊടുക്കാനാകുന്ന നല്ലൊരു മറുപടിയാണ് മാമന്നൻ എന്ന ചിത്രം. സിനിമയ്ക്ക് UA സർട്ടിഫിക്കറ്റാണ് ഉള്ളതെങ്കിലും പ്രേക്ഷകരെ ഭയപ്പെടുത്തുന്ന നിരവധി വയലന്‍റ് രംഗങ്ങൾ ചിത്രത്തിലുണ്ട്. സിനിമയിൽ പൂർണമായും സിജിഐ ഉപയോഗിച്ച് ചിത്രീകരിച്ച ഒരു രംഗമുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ് എല്ലാം അത്രയധികം ഒറിജിനാലിറ്റി തോന്നുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News