ടോവിനോ തോമസ്, ഉര്‍വശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എന്‍റെ ഉമ്മാന്‍റെ പേര്' ഇന്ന് മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തുകയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
മധു ചന്ദ്രിക എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു മാപ്പിള പാട്ടിന്‍റെ ഈണത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാര്‍ ആണ്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.
നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. ഹമീദ് എന്ന കച്ചവടക്കാരനായി ടോവിനോ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പുതുമുഖം സായി പ്രിയയാണ് നായിക.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയുടെ ഉമ്മയായ ആയിഷ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഉര്‍വ്വശിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
ശരത് ആര്‍ നാഥും ജോസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്, മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ്. എഡിറ്റി൦ഗ് നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണ്.