ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത മാസം മെയ് 27ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫേസ്ബുക്ക് ലൈവിലൂടെ നടൻ ആസിഫ് അലിയാണ് ഇക്കാര്യം അറിയിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്.
ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നതിനാലാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന് ആസിഫ് പറഞ്ഞു. എല്ലാവരും ചിത്രം തിയേറ്ററിൽ തന്നെ പോയി കാണണമെന്നും ആസിഫ് പറഞ്ഞു. ജയ്പൂർ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
പോലീസ് ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസർകോഡ് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റാണ്. ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...