പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ പേരിൽ കബഡി മത്സരം സംഘടിപ്പിക്കാനൊരുങ്ങി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. മെയ് എട്ടിന് രാവിലെ 9 മണിക്ക് കോയമ്പത്തൂരിലെ വാൽപ്പാറയിലാണ് മത്സരം. മധുവിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന് അഭിഭാഷകന്റെ സേവനവും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തമിഴ്നാട് ഘടകമാണ് സംസ്ഥാനതല കബഡി മത്സരം സംഘടിപ്പിക്കുക. മധുവിനെ മമ്മൂട്ടി വിശേഷിപ്പിച്ചതിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ "നമത് തമ്പി മധുവിൻ നിനൈവഗാ" (നമ്മുടെ അനിയൻ മധുവിന്റെ ഓർമ്മക്കായി ) എന്ന പേരിലാണ് വിജയികൾക്കുള്ള ട്രോഫി ആലേഖനം ചെയ്തിരിക്കുന്നത്.
നേരത്തെ, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ മമ്മൂട്ടി രംഗത്ത് വന്നിരുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. നന്ദകുമാറിനെ ഇതിനിയായി ചുമതലപ്പെടുത്തുകയായിരുന്നു. കേസ് നടപടിക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ മധുവിന്റെ കുടുംബത്തിന് നിയമോപദേശം നൽകുന്നതും നന്ദകുമാറാണ്.
മധുവിന്റെ പേരിൽ ഇതാദ്യമായാണ് ഒരു കബഡി ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നത്. മെയ് എട്ടിന് രാവിലെ 9 മണിക്ക് കോയമ്പത്തൂരിലെ വാൽപ്പാറയിൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ് സംസ്ഥാന പ്രസിഡന്റ് ബാലു മോഹനും രക്ഷധികാരി നെബു മാത്യുവും അറിയിച്ചു. മത്സരങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ 09487389031 എന്ന നമ്പറിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.