Kaapa Movie : മഞ്ജു വാര്യർ പിന്മാറി; പകരം കാപ്പയിൽ നായിക അപർണ ബാലമുരളി

Kaapa Movie Cast നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 05:11 PM IST
  • ചിത്രത്തിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർക്ക് പകരമായിട്ടാണ് അപർണ കാപ്പയുടെ ഭാഗമായിരിക്കുന്നത്.
  • നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്.
  • ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിൽ അസിഫ് അലി ഉൾപ്പെടെ വൻതാരനിരയാണ് അണിനിരക്കുന്നത്.
Kaapa Movie : മഞ്ജു വാര്യർ പിന്മാറി; പകരം കാപ്പയിൽ നായിക അപർണ ബാലമുരളി

തിരുവനന്തപുരം : ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അവതരിപ്പിക്കുന്ന ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പയിൽ നായികയായി ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയെത്തുന്നു. ചിത്രത്തിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർക്ക് പകരമായിട്ടാണ് അപർണ കാപ്പയുടെ ഭാഗമായിരിക്കുന്നത്. നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിൽ അസിഫ് അലി ഉൾപ്പെടെ വൻതാരനിരയാണ് അണിനിരക്കുന്നത്.

വലിമൈയ്ക്ക് ശേഷം അജിത് കുമാറിന്റെ എകെ 61ന്റെ ചിത്രീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നടി പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് മാതൃഭൂമി ഡോട്ട് കോം മഞ്ജു വാര്യറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് അജിത് വിദേശയാത്രയ്ക്ക് ശേഷം തിരികെ ഇന്ത്യയിലെത്തിയത്. വലിമൈയുടെ സംവിധായകൻ എച്ച് വിനോദ് തന്നെ എകെ 61-ും ഒരുക്കുന്നത്.

ALSO READ : 'സച്ചി നിങ്ങൾ എവിടെയാണെങ്കിലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്ന'; അവാർഡ് നേടിയ അയ്യപ്പനും കോശിയും സംഘത്തെ അഭിനന്ദിച്ച് അറിയിച്ച് പൃഥ്വിരാജ്

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് കാപ്പ ഒരുക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊട്ട മധു എന്ന കഥാപാത്രത്തിന്റെ ലുക്ക് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ജൂലൈ 15 മുതൽ കാപ്പയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിക്കും അസിഫ് അലിക്കും പുറമെ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്.

ALSO READ : 68th National Film Awards : "പിന്തുണച്ച എല്ലാവര്‍ക്കും നന്ദി"; സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അപർണ ബാലമുരളി

ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.  ജോമോൺ ടി ജോൺ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News