അജു വർഗീസ് പങ്കുവെച്ച വസുജ വാസുദേവൻ എഴുതിയ ജയ ജയ ജയ ജയ ഹേ എന്ന സിനിമയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സത്യം പറയാല്ലോ
വളരെ കുറച്ചേ ചിരിച്ചുള്ളൂ ചിരിപ്പിക്കുന്നതിനെക്കാൾ ഏറെ ചിന്തിപ്പിച്ചു ഓർമിപ്പിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരിയെന്നാണ് വസുജ തന്റെ കുറിപ്പിൽ പറയുന്നത്. ആണഹന്തയെ നിലത്തിട്ട് ചവിട്ടി കൂട്ടുന്നത് കണ്ടപ്പോ എണീറ്റു നിന്നു കയ്യടിച്ചുവെന്നും വസുജ പറയുന്നുണ്ട്. തലക്ക് ചുറ്റും വളയങ്ങളുള്ള ,നന്മമരമായ അമ്മ ക്കാഴ്ച ഒന്നു മാറ്റിപ്പിടിച്ചതിനോടുള്ള നന്ദിയും വസുജ അറിയിക്കുന്നുണ്ട്. ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വസുജ വാസുദേവന്റെ കുറിപ്പ്
വിപിൻ ദാസ് ആൻഡ് ക്രൂ
ജയ ജയ ജയ ജയ ഹേ...
സത്യം പറയാല്ലോ
വളരെ കുറച്ചേ ചിരിച്ചുള്ളൂ ഞാൻ.
ചിരിപ്പിക്കുന്നതിനെക്കാൾ ഏറെ ചിന്തിപ്പിച്ചു.
ഓർമിപ്പിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി.
ആണഹന്തയെ നിലത്തിട്ട് ചവിട്ടി കൂട്ടുന്നത് കണ്ടപ്പോ എണീറ്റു നിന്നു കയ്യടിച്ചു.
എന്റെ കുട്ടിക്കാലങ്ങളിൽ ,
പട്ടിയെതല്ലുന്ന പോലെ ഭാര്യമാരെ തല്ലുന്ന
സീൻ നാട്ടിൽ സുലഭമായിരുന്നു.
ഒരു പെണ്ണ് പോലും ചെറുത്തു നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല അന്നൊന്നും.
അടി കൊള്ളുക കൂടി അവരുടെ ഭാര്യാ പദവിയുടെ കടമയായിരുന്നു.
"ആണുങ്ങളായാൽ അങ്ങനെയൊക്കെയാ..
നമ്മള് പെണ്ണുങ്ങളങ്ങു" എന്നു തുടങ്ങുന്ന
വായ്‌താരി തോറ്റോം മാറ്റോം കേട്ടുവളരുന്ന
തലമുറയിലേതാണ്.
ഇന്ന് കൊട്ടകയിലിരിന്ന് ആർപ്പു വിളിച്ചത് നിലവിളിക്കാൻ പോലും പാങ്ങില്ലാത്ത ചുരുണ്ട നിങ്ങളെയൊക്കെ ഓർത്തിട്ടാണ്.
അച്ഛനും അമ്മാവൻ മാരും ചിറ്റപ്പൻ മാരും അതിലൊക്കെയുപരി അമ്മയും
ചേർന്ന് ജീവിത കാലം മുഴുവൻ നരകം വിധിച്ച
നിങ്ങളെയോർത്ത്..
ഒരിക്കലും ഉണങ്ങാത്ത ,പലപ്പോഴും പുറംലോകം പോലും അറിയാത്ത നിങ്ങളിലെ മുറിവുകളെ ഓർത്ത്..
നിങ്ങളെ ഓർത്താണ് ഞാനാ വീഴ്‌ച്ചക്ക് കയ്യടിച്ചത്.
ഒരു പെണ്ണ് ആഞ്ഞൊന്നു ചവിട്ടിയാൽ തവിടു പൊടിയാകും പുതലിച്ച വീടകങ്ങളിലെ
സകല കെട്ടി മാറാപ്പുകളും എന്നു കണ്ടാണ്
കയ്യടിച്ചത്...
പ്രിയ വിപിൻ.. സന്തോഷമുണ്ട്.
തലക്ക് ചുറ്റും വളയങ്ങളുള്ള ,നന്മമരമായ
അമ്മ ക്കാഴ്ച ഒന്നു മാറ്റിപ്പിടിച്ചതിന്.
അഭിമാനം,അന്തസ്സ് എന്നൊക്കെ പറഞ്ഞ്
പെമ്പിള്ളേരുടെ ജീവിതം കൊണ്ട് പരീക്ഷണം നടത്തുന്ന ,ഇതിലും ടോക്സിക് ആയ
അമ്മമാരെ കണ്ട് ജീവിതം മടുത്ത് പോയിട്ടുണ്ട് പലപ്പോഴും.
ഈ പടം തീയറ്ററിൽ മാത്രം ഒതുങ്ങാതിരിക്കട്ടെ..
വീടകങ്ങളിലുമല്ല,ഓപ്പൺ സ്പേസിൽ
ആൾക്കൂട്ടം കാണട്ടെ
പൊതു ചർച്ചകൾ ഉണ്ടാവട്ടെ.
എഴുതാൻ തോന്നുന്നുണ്ട് ഒരുപാട്.
ഓരോ ഷോട്ടും എഴുതാൻ പ്രേരിപ്പിക്കുന്നുണ്ട്.
അഞ്ജലി പറഞ്ഞതു പോലെ ,ചിരിച്ചു മറിഞ്ഞു ന്നു പറയുന്നവർക്കൊക്കെ എന്തേലും വെളിച്ചം വീണാ മതിയായിരുന്നു.
"പെണ്ണ് കരാട്ടെ പഠിക്കാതിരിക്കാൻ നോക്കിയാ പോരേ" എന്നാണ് മനസ്സിലായതെങ്കിൽ അതും കൊള്ളാം.
വീട്ടിലെ ആണുങ്ങളുടെ നിഴലായി ജീവിച്ച് തുടങ്ങിയ,എത്ര വളർന്നാലുംഅമ്മചൊല്ലുകൾ കേട്ടു കേട്ട് വളരുന്ന അനുസരണയുള്ള,കൈപ്പുണ്യമുള്ള
നല്ല കുട്ടി സർട്ടിഫിക്കറ്റ് ഉള്ള, ജീവിതം കുട്ടിച്ചോറായന്നു തോന്നിയാലും സ്വന്തമായൊരു തീരുമാനവും എടുക്കാൻ ആവാതെ നിസ്സഹായ ആയി പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും മനസ്സു കൊണ്ട് ചേർത്ത് പിടിക്കുന്നു..
നിങ്ങൾ അനുഭവിക്കുന്ന,നിവർത്തികേട് കൊണ്ട് അഭിനയിക്കുന്ന ജീവിതത്തിനു പുറത്ത് കാറ്റും വെളിച്ചവുമുള്ള ഒരു ലോകമുണ്ടെന്നു നിങ്ങളോടു അലറി പറയാൻ തോന്നുന്നു..
ഒരു ദിവസമെങ്കിലും അഭിമാനം എന്നൊരു വാക്ക് നിങ്ങളുടെ ജീവിതത്തിലും
ഉണ്ടാകുമെന്ന് സ്വപ്നം കാണുന്നു.
(ചിത്രം ആമിയുടെ നോട്ട് പാഡിൽ നിന്ന്.
ജയ ജയ ഹേ എഫക്ട്
ഇടിയപ്പവും ലൗലോലിക്കയുമൊക്കെ
ഒരു ഏഴാം ക്ലാസുകാരി നോട്ടു ചെയ്തു
ആരും പറയാതെ തന്നെ
സന്തോഷം.)
ALSO READ: Jaya Jaya Jaya Jaya He Song : "പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ"; ജയ ജയ ജയ ജയ ഹേയിലെ ഗാനം പുറത്തുവിട്ടു
ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. കോമഡി എന്റർടെയ്നർ വിഭാഗത്തിൽ എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലറും ടീസറും ഒക്കെ വൻ ശ്രദ്ധ നേടിയിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിനും വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.'
സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...