മത്സ്യത്തൊഴിലാളിയും വീട്ടമ്മയും കഥാകൃത്തുക്കൾ; സാധാരണക്കാരന്റെ പടച്ചോനും, കഥകളും സിനിമയാകുന്നു;

സിനിമയുടെ സാങ്കേതികതയോ എഴുത്തിന്റെ ആധുനികതയോ ഒന്നും വശമില്ലാതെ, മലയാളി മറന്നു പോയ സാധാരണക്കാരന്റെ കഥകൾ

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 05:27 PM IST
  • മലയാള സിനിമയിലേക്ക് വിപ്ലവത്തിന്റെ പുതിയ മുഖങ്ങളായി കടന്നു വരികയാണ് അഞ്ച് എഴുത്തുകാർ
  • സാങ്കേതികതയോ എഴുത്തിന്റെ ആധുനികതയോ ഒന്നും വശമില്ലാത്തവർ
  • പ്രതിലിപിയാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്
മത്സ്യത്തൊഴിലാളിയും വീട്ടമ്മയും കഥാകൃത്തുക്കൾ; സാധാരണക്കാരന്റെ പടച്ചോനും, കഥകളും സിനിമയാകുന്നു;

സ്വജനപക്ഷപാതവും രാഷ്ട്രീയവും കാസ്റ്റിംഗ് കൗച്ചുമെല്ലാം പരോക്ഷത്തിൽ നിലനിൽക്കുന്ന മലയാള സിനിമയിലേക്ക് വിപ്ലവത്തിന്റെ പുതിയ മുഖങ്ങളായി കടന്നു വരികയാണ് അഞ്ച് എഴുത്തുകാർ- മെൽബിൻ ഫ്രാൻസിസ്, സെബിൻ ബോസ്, അക്ഷര ഷിനു, അഖിൽ ജി ബാബു, ജ്വാലാമുഖി. ഒരു ഓൺലൈൻ പ്ലാറ്റഫോമിൽ നേരമ്പോക്കിന് കഥകൾ എഴുതിയ ഇവർ, സിനിമയുടെ സാങ്കേതികതയോ എഴുത്തിന്റെ ആധുനികതയോ ഒന്നും വശമില്ലാതെ, മലയാളി മറന്നു പോയ സാധാരണക്കാരന്റെ കഥ പറയാൻ തുനിഞ്ഞപ്പോൾ, അസാധാരണമായ ഒരു സിനിമ ഉടലെടുത്തു- പടച്ചോന്റെ കഥകൾ.
 
സിനിമയുടെ പേര് സൂചിപ്പിക്കുമ്പോലെ ദൈവമാണ് വിഷയം. ദൈവം എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിലേക്ക് വിവിധ ബിംബങ്ങളാണ് കടന്നു വരിക. ആൾദൈവം, കുട്ടികൾ, ദൈവീക കലാരൂപങ്ങൾ, മതം എന്നിങ്ങനെ പല ഉത്തരങ്ങൾ വരുമ്പോഴും സാധാരണ മനുഷ്യന്റെ ജീവിതം അവനു മനസ്സിലാക്കി കൊടുക്കുന്ന ദൈവം പലപ്പോഴും മറ്റൊന്നായിരിക്കാം. ഈ ജീവിതങ്ങളെ ആസ്പദമാക്കിയാണ് ഈ സിനിമ സമാഹാരം ഒരുക്കിയിരിക്കുന്നത്. 

ALSO READ: IFFK 2022: പതിവിൽ നിന്നും വ്യത്യസ്തം, ആർച്ച് ലൈറ്റ് ജനങ്ങളിലേക്ക് തെളിയിച്ച് 27ആം ഐഎഫ്എഫ്‌കെയ്ക്ക് തുടക്കം

മെൽബിന്റെ ‘വിപ്ലവം’

‘ഉണ്ടംപൊരി വിപ്ലവം’ എന്ന ചെറുസിനിമയുടെ കഥ എഴുതിയത് മത്സ്യ തൊഴിലാളികൂടിയായ മെൽബിൻ ഫ്രാൻസിസ് ആണ്. ഒരു ആൾ ദൈവത്തിന്റെ ‘ഉത്ഭവത്തെ’ പറ്റി സംസാരിക്കുന്ന ഈ സിനിമ യുക്തിയെ അസാധുവാക്കി അന്ധവിശ്വാസത്തിന്റേയും കാപട്യത്തിന്റെയും മറപറ്റി പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയുന്ന കാപാലികരെ തുറന്നുകാട്ടുന്നു. ആലപ്പുഴക്കാരനായ മെൽബിൻ ദിവസേന മത്സ്യബന്ധനത്തിന് പോയി വന്നതിനു ശേഷം ഒഴിവു സമയങ്ങളിലാണ് കഥകൾ എഴുതാറ്.‘ജപ്പാൻ സ്വാമി’ എന്ന ചെറുകഥ സിനിമാക്കിയത് ധനേഷ് എം കെയാണ്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും’  എന്ന സിനിമയിലൂടെ സുപരിചിതനായ ശിവദാസ് കണ്ണൂർ, ഷൈനി സാറയും, സത്യനാരായണമൂർത്തിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

‘അന്തോണി’സ് പുണ്യാളൻ

‘പടച്ചോന് എന്തിനാ പണം’ എന്ന ചിന്തയിൽ നിന്ന് ഉടലെടുത്ത സിനിമയാണ് അക്ഷര ഷിനുവിന്റെയും സെബിൻ ബോസിന്റേയും അന്തോണി. രണ്ട്‌ ചെറുകഥകൾ കൂട്ടിയോജിപ്പിച്ചാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. കഥാകൃത്തുക്കളായ സെബിൻ ബോസ് ഇടുക്കിയിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തിവരുന്നു. തൃശ്ശൂർക്കാരിയായ അക്ഷര ഷിനു യു എ ഇ യിൽ ലൈബ്രേറിയൻ ആണ്. "വിദ്യാഭ്യാസ നിലവാരം ഉയർന്നിട്ടും വർഗീയതയും അന്ധവിശ്വാസങ്ങളും മതാന്ധതയും കൊടി കുത്തി വാഴുന്ന നാട്ടിൽ ദൈവം എന്ന വിഷയം ഹൃദയങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ളതല്ല. ഇതാണ് എന്നെ ഈ കഥയിലേക്ക് എത്തിച്ചത്."

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടാൻ പെടാപാട് പെടുന്ന അന്തോണി എന്ന പന്ത്രണ്ടുകാരന്റെ മുന്നിൽ ഉൾതിരിയുന്ന ഒരു ചോദ്യമാണ് സിനിമയുടെ ഇതിവൃത്തം. സംവിധായകൻ സിബി മലയിലിന്റെ ശിഷ്യനും സംസ്ഥാന പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച 'കാടകലം' എന്ന എന്ന സിനിമയുടെ തിരക്കഥാകൃത്തായ ജിന്റോ തോമസ് ആണ് സംവിധാനം. കാടകലത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷ്, ഉപ്പും മുളകും താരം നിഷ സാരംഗ്, ഡയറക്ടർ ജിയോ ബേബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ. 

ALSO READ: Unni Mukundan Controversy: ബാലക്ക് പണം നൽകി; ബാങ്ക് രേഖകൾ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

ഗൗരിയുടെ സ്വപ്നകൊലുസ്സുകൾ 

തിരുവനന്തപുരംകാരിയായ ജ്വാലാമുഖി എന്ന വീട്ടമ്മയുടെ ശക്തമായ ചുവടുറപ്പിക്കലാണ് ഗൗരിയെന്ന സിനിമ. ആഗ്രഹങ്ങൾക്ക് ദൈവത്തിന് കാണിക്കയിട്ടാൽ മതിയെന്ന വിശ്വാസം കൊച്ചു ഗൗരി അറിയാതെ തെറ്റിക്കുന്നു.“എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് എന്തുകൊണ്ട് സിനിമ സ്വപ്നം കണ്ടുകൂടാ? എഴുത്തുകാരിയും സിനിമക്കാരിയും ആകണമെന്ന എന്റെ ഉറച്ച നിലപാടുമായി മുന്നോട് പോകും. ഇനി എന്റെ ലോകം സിനിമ തന്നെ.” അജു സാജൻ സംവിധാനം ചെയുന്ന ഗൗരിയിൽ നടൻ സുധീഷ് സുധാകരൻ, നീന കുറുപ്പ്, ബേബി ലക്ഷ്യ എന്നിവരാണ് അഭിനയിച്ചത്.

അഖിലിന്റെ ‘അരുളപ്പാട്’ യാഥാർഥ്യമാകുന്നു  

അരുളപ്പാട് എന്ന ചെറുസിനിമ കഥയെഴുതി സംവിധാനം ചെയ്യുമ്പോൾ തന്നെ ‘പടച്ചോന്റെ കഥകൾ’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ എന്ന ഭാരിച്ച ചുമതലകൂടി അഖിൽ ജി ബാബു എന്ന പുതുമുഖ സംവിധായകൻ നിർവഹിച്ചിരുന്നു.ഒരു തെയ്യം കലാകാരന്റെ വിശ്വാസങ്ങളും അനുഭവങ്ങളും നിസ്സഹായാവസ്ഥയും ചർച്ചയാകുന്ന ഈ സിനിമയിൽ ഉപ്പും മുളകും താരം ബിജു സോപാനം, മിന്നൽ മുരളി താരം ഷെല്ലി കിഷോർ, ബൈജു വി കെ, കബനി ഹരിദാസ് എന്നിവർ അഭിനയിച്ചു.സാമൂഹിക പ്രസക്തി ഉള്ള വിഷയം ചർച്ചചെയ്യുന്ന ഈ സിനിമ 'ബുക്ക് മൈ ഷോയുടെ' വെബ്സൈറ്റിൽ ലഭ്യമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News