ലൈംഗികത്തൊഴിലാളികളെ കൊല്ലുന്ന സൈക്കോയുടെ കഥ; ഹോളി സ്പൈഡർ റിവ്യൂ

കൂട്ടക്കൊലപാതകത്തെപ്പറ്റി അന്വേഷണം നടത്തുന്ന ഒരു സാങ്കൽപ്പിക മാധ്യമ പ്രവർത്തകയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയാണ് ഹോളി സ്പൈഡഡർ

Written by - Ajay Sudha Biju | Edited by - Akshaya PM | Last Updated : Dec 7, 2022, 03:00 PM IST
  • 2000 മുതൽ 2001 വരെയുള്ള കാലയളവിൽ ഇറാനിലെ മഷാദ് എന്ന നഗരത്തിൽ സായിദ് ഹനേയി എന്ന കുറ്റവാളി 16 സ്ത്രീകളെയാണ് ക്രൂരമായി കൊന്നത്
  • കൊല്ലപ്പെട്ട സ്ത്രീകൾ എല്ലാപേരും ലൈംഗികത്തൊഴിൽ ഉപജീവനമായി സ്വീകരിച്ചവരായിരുന്നു
  • അലി അബ്ബാസിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്
ലൈംഗികത്തൊഴിലാളികളെ കൊല്ലുന്ന സൈക്കോയുടെ കഥ; ഹോളി സ്പൈഡർ റിവ്യൂ

തിരുവനന്തപുരത്ത് ഏതാനും വിദ്യാർത്ഥികളെ ചില സാമൂഹിക വിരുദ്ധർ ആക്രമിച്ചപ്പോഴും കണ്ണൂരിൽ ഒരു പെൺകുട്ടിയെ പ്രണയ പകയുടെ പേരിൽ കഴുത്തറുത്ത് കൊന്നപ്പോഴും ഡൽഹിയിൽ നിർഭയ, കൂട്ട ബലാത്സംഗത്തിനിരയായപ്പോഴും വേട്ടക്കാരനെ അനുകൂലിക്കാൻ ആളുകൾ ഉണ്ടായിരുന്നു. ഇന്നും സാമൂഹിക മാധ്യമങ്ങളിലെ ചില അക്കൗണ്ടുകൾക്ക് പിന്നിൽ തങ്ങളുടെ സദാചാരക്കണ്ണുമായി അവർ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഏതാണ്ട് 18 വർഷങ്ങൾക്ക് മുൻപ് ഇറാനിൽ നടന്ന ഒരു കൂട്ടക്കൊലയെ ആസ്പദമാക്കി ഈ വർഷം പുറത്തിറങ്ങിയ ഹോളി സ്പൈഡർ എന്ന ചിത്രം പ്രസക്തമാകുന്നത്. 

2000 മുതൽ 2001 വരെയുള്ള കാലയളവിൽ ഇറാനിലെ മഷാദ് എന്ന നഗരത്തിൽ സായിദ് ഹനേയി എന്ന കുറ്റവാളി 16 സ്ത്രീകളെയാണ് ക്രൂരമായി കൊന്നത്. ഈ കൊല്ലപ്പെട്ട സ്ത്രീകൾ എല്ലാപേരും ലൈംഗികത്തൊഴിൽ ഉപജീവനമായി സ്വീകരിച്ചവരായിരുന്നു. ഈ കൂട്ടക്കൊലപാതകത്തെപ്പറ്റി അന്വേഷണം നടത്തുന്ന ഒരു സാങ്കൽപ്പിക മാധ്യമ പ്രവർത്തകയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയാണ് ഹോളി സ്പൈഡഡർ. അലി അബ്ബാസിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പേർഷ്യൻ ഭാഷയിലാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രത്തിലെ നായികാ വേഷം ചെയ്ത സർ അമീർ ഇബ്രാഹിമിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. 

സാധാരണ ക്രൈം ത്രില്ലർ ചിത്രങ്ങളെപ്പോലെ കേസ് അന്വേഷണത്തെ മാത്രം കേന്ദ്രീകരിച്ച് കഥ പറയാതെ കുറ്റവാളിയായ ആൾക്കും അയാളുടെ മാനസിക വൈകൃതങ്ങൾക്കും കുടുബത്തിനും എല്ലാം ഹോളി സ്പൈഡർ എന്ന ചിത്രം പ്രാധാന്യം നൽകുന്നുണ്ട്. ചിത്രത്തിൽ കുറ്റവാളി സ്വയം കാണുന്നത് തിന്മയുടെ വഴിയിലേക്ക് പോയി മഷാദ് എന്ന പുണ്യ നഗരത്തെ അശുദ്ധമാക്കുന്ന സ്ത്രീകളെ കൊല്ലുന്ന ദൈവത്തിന്‍റെ പോരാളി ആയാണ്. ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തും സദാചാര പോലീസിങ്ങിനെയും കുറ്റകൃത്യങ്ങളെയും അനുകൂലിക്കാൻ ആളുകൾ ഉള്ളപ്പോള്‍ ഇറാനിലെ കാര്യം ഊഹിക്കാൻ സാധിക്കുമല്ലോ. മത നിയമം നിലനില്‍ക്കുന്ന ഇറാൻ സ്പൈഡർ കില്ലിങ്ങ് കേസിൽ ശരിയായ രീതിയിലാണോ അന്വേഷണം നടത്തുന്നത് ?, ജനങ്ങൾക്ക് ഈ കൊലപാതകിയോടുള്ള മനോഭാവം എങ്ങനെ തുടങ്ങിയ കാര്യങ്ങളിലേക്ക് ഹോളി സ്പൈഡർ എന്ന ചിത്രം വെളിച്ചം വീശുന്നു.

 വിദേശത്ത് നിന്ന് ഈ കേസിനെക്കുറിച്ച് പഠിക്കാൻ വന്ന ഇൻവസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയ അരേസൂ റഹിമിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ചിത്രത്തിലെ ഓരോ സംഭവങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇറാനിലെ മത നിയമങ്ങൾ എത്ര മാത്രം ഭീകരമാണെന്നും, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ ഇറാനിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, അവിടെയുള്ള സാധാരണക്കാർക്കിടയിലെ സദാചാര ചിന്തകളും, ദാരിദ്ര്യവും, അഴിമതിയും എല്ലാം വളരെ മികച്ച രീതിയിൽ ഹോളി സ്പൈഡർ ചർച്ച ചെയ്യുന്നുണ്ട്. വികസിത രാജ്യങ്ങളിൽ പോലും ലൈഗികത്തൊഴിലാളികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഈ കാലത്ത് സാമൂഹികപരമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ അവർ എന്തുമാത്രം ചൂഷണമാകും അനുഭവിക്കുകയെന്ന് ചിത്രം പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നു. അന്താരാഷ്ട്ര ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ട് നോക്കാവുന്ന വളരെ മികച്ചൊരു സിനിമയാണ് ഹോളി സ്പൈഡർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News