ഒരു പക്കാ ബോളിവുഡ് സിനിമയ്ക്ക് വേണ്ട മസാല ചേരുവകൾ സമം ചേർത്ത് നിർമ്മിച്ച കോമഡി ത്രില്ലർ ചിത്രമാണ് ഗോവിന്ദാ നാം മേരാ. വിക്കി കൗശാൽ, കിയാര അദേനി, ഭൂമി പട്നേക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുശാങ്ക് ഖൈതനാണ്. ഗോവിന്ദ എന്ന ബാക്ക്ഗ്രൗണ്ട് ഡാൻസറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരു സാധാരണ മിഡിൽ ക്ലാസ് യുവാവ് അനുഭവിക്കുന്ന ഒട്ടനവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ആളാണ് ഗോവിന്ദ.
ഗൗരി എന്ന പെൺകുട്ടിയുമായി വിവാഹം കഴിഞ്ഞുവെങ്കിലും ഗോവിന്ദയുടെ മനസ്സ് മുഴുവൻ സുകു എന്ന തന്‍റെ കാമുകിയാണ്. ഭാര്യയോട് ഡൈവോഴ്സ് ആവശ്യപ്പെട്ടുവെങ്കിലും രണ്ട് കോടി രൂപ അതിന് പകരം നൽകണമെന്ന് ഗൗരി പറയുന്നു. ഇതിന് പുറമേ ഗോവിന്ദ താമസിക്കുന്ന വീട് ഏത് നിമിഷവും അയാളുടെ അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകന് നൽകേണ്ടി വരും എന്ന അവസ്ഥയിലുമാണ്. ഇത്തരത്തിൽ ഒരായിരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഗോവിന്ദ അപ്രതീക്ഷിതമായി മറ്റൊരു വലിയ പ്രശ്നത്തിൽ അകപ്പെടുന്നു. ആ കുരുക്കില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള ഗോവിന്ദയുടെ ഓട്ടങ്ങളാണ് ഗോവിന്ദാ നാം മേരാ എന്ന ചിത്രത്തിന്‍റെ പ്രമേയം.
ഒട്ടനവധി അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ചിത്രത്തിലുണ്ട്. അതിനോടൊപ്പം തന്നെ ചിത്രത്തിന്‍റെ കോമഡി മൂഡ് ഗോവിന്ദാ നാം മേരാ നിലനിർത്തുന്നുമുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്കി കൗശാൽ, കിയാര അദേനി, ഭൂമി പട്നേക്കർ എന്നിവർ വളരെ മികച്ച പ്രകടനം ചിത്രത്തിൽ കാഴ്ച്ച വച്ചു. രൺബീർ കപൂറും ചിത്രത്തിലെ ഒരു രംഗത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ആദ്യ പകുതിയുടെ അവസാനം നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിന്‍റെ രണ്ടാം പകുതിയിലെ മുഴുവൻ കാര്യങ്ങളിലേക്കും ക്ലൈമാക്സിലേക്കും നയിക്കുന്നത്.
എന്നാൽ ആ സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഇടപെടുന്ന രീതിയിൽ വല്ലാത്ത കൃത്രിമത്വം അനുഭവപ്പെട്ടു. സിനിമയുടം ക്ലൈമാക്സിലേക്ക് നയിക്കാൻ വേണ്ടി മനപ്പൂർവം സിനിമയില്‍ കൂട്ടിച്ചേർത്ത അത്തരം അനാവശ്യ രംഗങ്ങൾ ഒഴിവാക്കി നിർത്തിയാൽ ഗോവിന്ദാ നാം മേരാ വളരെ മികച്ച അനുഭവമായിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ സിനിമയിലെ പ്രധാന ആകർഷക ഘടകമാണ്. ചുരുക്കത്തിൽ എല്ലാ പ്രേക്ഷകർക്കും കാണാൻ സാധിക്കുന്ന മികച്ച ഒരു ചിത്രമാണ് ഗോവിന്ദാ നാം മേരാ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...