മുംബൈ : മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്. ബെനഡിക്ട് കംബർബാച്ച്, എലിസബത്ത് ഓൾസൺ, ഷോസിൽ ഗോമസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ രണ്ടാം ഭാഗമായ ഈ ചിത്രം, റിലീസിന് 4 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. പ്രീ ബുക്കിങ്ങ് മാത്രമായി ഈ ചിത്രം 20 കോടി ബോക്സ് ഓഫീസില്‍ നിന്നും കളക്ട് ചെയ്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോട് കൂടി ആദ്യ ദിനം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളീവുഡ് ചിത്രം എന്ന റെക്കോർഡ് മാറ്റി എഴുതാൻ ഒരുങ്ങുകയാണ് ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്.
ഇതിന് മുമ്പ് പ്രീ ബുക്കിങ്ങിലൂടെ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ തുക കളക്ഷൻ നേടുന്ന ഹോളീവുഡ് ചിത്രം സ്പൈഡർമാൻ നോ വേ ഹോം ആയിരുന്നു. ഇതിന്‍റെ റെക്കോർഡാണ് ഡോക്ടർ സ്ട്രെയ്ഞ്ച് തിരുത്തി എഴുതിയത്. സ്പൈഡർമാൻ നോ വേ ഹോം ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരു വൻ വിജയം ആയി മാറിയ ചിത്രം ആയിരുന്നു. എന്നാൽ സ്പൈഡർമാൻ, അവഞ്ചേഴ്സ് ചിത്രങ്ങളേപ്പോലെ അത്രത്തോളം പ്രശസ്തമായ ഒരു ചിത്രമല്ല ഡോക്ടർ സ്ട്രെയ്ഞ്ച് എങ്കിൽ പോലും ആദ്യ ദിന കളക്ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിനെയും സ്പൈഡർമാൻ നോ വേ ഹോമിനെയും മറികടക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.
ALSO READ : ഇല്ല്യൂമിനാറ്റി ഇനി മാർവലിൽ; ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന് പ്രതീക്ഷയേറുന്നു
ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം രാജ്യമെമ്പാടും ഉള്ള മൾട്ടി പ്ലക്സുകൾ ബുക്കിങ്ങ് ആരംഭിക്കുമ്പോഴേക്കും ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് തുക 30 കോടി കടന്നേക്കും. മേയ് 6 ന് പുറത്തിറങ്ങുന്ന ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന്‍റെ ബുക്കിങ് മെയ് 5 വ്യാഴാഴ്ച്ച രാത്രിയോട് കൂടി അവസാനിക്കും.
കോവിഡാനന്തര ഇന്ത്യൻ ബോക്സ് ഓഫീസിൽ ഹോളീവുഡ് ചിത്രങ്ങൾക്ക് വലിയ ഓളം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒരു സൂപ്പർസ്റ്റാർ ചിത്രം ഇറങ്ങുമ്പോൾ ഉള്ളതിന് സമാനമായി ഒരു വലിയ വിഭാഗം സിനിമാ പ്രേമികൾ ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ വരവിനായി കാത്തിരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.