മാത്യൂ തോമസ്, മാളവിക മോഹനൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ക്രിസ്റ്റയുടെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാമത്. രണ്ട് ദിവസം മുൻപ് ഇറങ്ങിയ ചിത്രം ഇതിനോടകം 3.4 മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം കൊണ്ട് തന്നെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ സ്ഥാനത്ത് എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടികൊണ്ടിരിക്കുന്നത്. 'പാൽമണം', 'പൂവാർ' എന്നീ രണ്ട് വീഡിയോ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ഇവയും വളരെ വേഗത്തിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഭീഷ്മ പർവം, പ്രേമം, ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ഈ പ്രണയ ചിത്രം ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും. സംവിധായകൻ്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ക്രിസ്റ്റിയുടേത്. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് - ഹുവൈസ് മാക്സോ.
Also Read: Lijo Jose Pellissery: ആന്റിക്രൈസ്റ്റ് വരുമോ? ലിജോ ജോസ് പ്രഖ്യാപിച്ച ആ ചിത്രം സംഭവിക്കുമോ?
മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റി. പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ കെ യു മോഹനൻ്റെ മകൾ കൂടിയാണ് മാളവിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...