കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. ഇതിനായി ഇന്നു കാലത്താണ് ജയിലില്‍ നിന്ന് കൊണ്ടുപോയത്. സുനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കി.
ഗൂഡാലോചനയില്‍ ആരോപണവിധേയരായ നടന്മാര്ക്ക് പങ്കുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പള്‍സര്‍ സുനി പ്രതികരിച്ചില്ല. പകരം കേസുമായി ബന്ധപ്പെട്ട് വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന മറുപടിയാണ് പള്‍സര്‍ സുനി നല്‍കിയത്.
അതേസമയം, സുരക്ഷാ ഭീഷണിയുള്ളതിനാൽ ജാമ്യത്തിന് അപേക്ഷിക്കേണ്ട ആവശ്യമില്ലെന്നാണ് പൾസർ സുനി പറഞ്ഞതെന്ന് അഭിഭാഷകൻ ബി.എ ആളുർ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന സുനിൽ കുമാറിനെതിരായ പഴയ പരാതിയും പോലീസ് പരിശോധിക്കുകയാണ്. എഡിജിപി സന്ധ്യയുടെ നിർദേശപ്രകാരം നടപടി. ഇതിൽ നേരത്തെ കേസെടുത്തിരുന്നില്ല.