വേലക്കാരൻ കിട്ടുണ്ണിയാണ് മനസ്സിൽ. കടുത്ത ബ്യൂറോക്രാറ്റിക് ഭരണം അടിച്ചേൽപ്പിക്കുന്ന ജസ്റ്റിസ് പിളളയുടെ മുന്നിൽ ഇളകിയാടുന്ന കിട്ടുണ്ണി. വേലക്കാരോട് എങ്ങനെ പെരുമാറണമെന്ന് തനിക്ക് ഞാൻ കാണിച്ചുതരാമെടോ മ...മ... മത്തങ്ങാത്തലയാ... ലോട്ടറി അടിച്ചതിന്റെ ആവേശത്തിൽ അപ്പോൾ പൊട്ടിപ്പുറപ്പെട്ട സോഷ്യലിസമല്ല. കാലങ്ങളായി വേലക്കാരൊക്കെ കടിച്ചമർത്തിവച്ചിരുന്നതാണ്. കിട്ടുണ്ണി പറഞ്ഞുകേട്ടപ്പോൾ ചിരിവന്നുവെന്നു മാത്രം. സത്യത്തിൽ ചിരിയല്ല വരേണ്ടത്, കരച്ചിലും ആവേശവുമാണ്. വെല്ലുവിളിച്ച് ചവിട്ടിക്കുലുക്കി കടന്നുപോയ ആൾ പട്ടിണികിടന്ന് കോലംതിരിഞ്ഞ് കേറിവന്നപ്പോഴോ? അപ്പോഴും കരച്ചിൽ വരേണ്ടിടത്ത് നമുക്ക് ചിരിയാണ് വന്നത്. അതെന്താ അങ്ങനെയെന്ന് വെറുതേ ആലോചിക്കാനേ തത്കാലം കഴിയൂ...
മഞ്ചാടി വാരികയുടെ മുതലാളി മാമച്ചനും പ്രഖ്യാപിക്കുന്നുണ്ട് ഇതുപോലൊന്ന്. വാരിക പൂട്ടിക്കുമെന്ന ഭീഷണിയുമായി വന്ന വക്കീലിനുളള മാമച്ചന്റെ മറുപടി രസകരമാണ്- മീൻകച്ചോടത്തിൽ തുടങ്ങിയതാ ഞാനെന്റെ ജീവിതം. പിന്നെ റബ്ബർ എസ്റ്റേറ്റായി. റബ്ബറിനു വിലകുറഞ്ഞപ്പോൾ ഞാൻ സാഹിത്യത്തിലേക്കു കടന്നു... മാമച്ചൻ ഇരുത്തി ചിന്തിപ്പിക്കും, ഇരുന്നു ചിന്തിക്കാനും മാത്രം കാര്യങ്ങൾ ഇതിൽ ഉണ്ടുതാനും. പ്രത്യേകിച്ച് റബ്ബറും സാഹിത്യവും തമ്മിലുളള അന്തർധാരയെപ്പറ്റി. അതു കേരളസമൂഹത്തിലെ ശരാശരിക്കാരുടെ ജീവിതദർശനത്തിൽ വരുത്തിയ കുഴപ്പങ്ങൾ വൈകാതെ പഠനവിധേയമാകേണ്ടതുമാണ്. വക്കീലിന്റെ ഭീഷണിക്ക് ചുട്ട മറുപടി കൊടുക്കുന്ന മാമച്ചൻ, നോവലിന്റെ അടുത്ത അധ്യായം എഴുതിക്കിട്ടാൻ നോവലിസ്റ്റിന്റെ മുന്നിൽ തിരിഞ്ഞുകളിച്ച് തിത്തിത്തൈ പാടുന്നതു കാണാം. അടികിട്ടിയാലും ഇറക്കിവിട്ടാലും അയാൾക്കു പരാതിയില്ല. അടുത്ത അദ്ധ്യായവും കൊണ്ടെ മാമച്ചൻ പോകൂ. അതിനു വേണ്ടി അയാൾ ഉറങ്ങാതെ കാത്തിരിക്കും. നോക്കൂ, ചിന്തിക്കാൻ ചിലതില്ലേ? ജനപ്രിയ വാരികകളുടെയും അത്തരം സാഹിത്യത്തിന്റെയും നിലവിലെ അവസ്ഥ എന്താണോ എന്തോ?
ദാക്ഷായണി ബിസ്കറ്റു കമ്പനിയിൽ ഇൻസ്പെക്ഷനു വരുന്ന ചീഫ് എൻജിനീയറുടെ മുന്നിൽ, സേതുമാധവന്റെ ചേട്ടൻ ലൈൻമാൻ കെ ടി കുറുപ്പിന്റെ മിന്നുന്ന പ്രകടനമുണ്ട്. ഐഎസ്ഐ മാർക്കെവിടെയെന്ന ചീഫ് എൻജിനീയർ സേതുമാധവനോട് ചോദിക്കുമ്പോൾ, മോന്തയ്ക്കൊന്നു കൊടുത്തിട്ട് കണ്ണാടിയെടുത്ത് കാണിച്ചുകൊടുക്കെടാ അപ്പോ കാണും മാർക്കെന്ന് കുറുപ്പ്. കാണുന്നവൻ ചിരിച്ച് മറിഞ്ഞുവീഴും. സേതുമാധവന്റെ പൊടിയുന്ന നെഞ്ചിൽ അടിച്ചുകയറ്റുന്ന ആണിയാണ് ഓരോ തമാശയും. ഇയാൾ ആരാണെന്ന ചീഫ് എൻജിനിയറുടെ ചോദ്യത്തിന് വഴിപോക്കൻ എന്നു മറുപടി പറയിക്കുന്നത് സേതുമാധവന്റെ ഗതികേടാണ്. ആ ഗതികേടിലെത്തിച്ച കുറുപ്പിന്റെ കോപ്രായങ്ങൾ കണ്ടാണ് നമ്മൾ ചിരിച്ചതെന്നോർക്കണം. അല്ല, ഞാൻ അവന്റെ ചേട്ടനാണെന്ന കുറുപ്പിന്റെ മറുപടിയോടെ എല്ലാം തകർന്നു. ഒടുക്കം ഫാക്ടറി തുടങ്ങിയില്ലെങ്കിൽ തനിക്കൊരു ചുക്കുമില്ലെന്നും കുറുപ്പ് പ്രഖ്യാപിക്കുന്നു.
അരയൻ ചെല്ലപ്പനും നടത്തുന്നുണ്ട് ചില പ്രഖ്യാപനങ്ങൾ.ഒളിച്ചോടിപ്പോന്ന സുധിയുടെയും മിനിയുടെയും കല്യാണം നടത്താൻ എടുത്തുചാടി തീരുമാനമെടുക്കുന്ന ചെല്ലപ്പന് ആശയക്കുഴപ്പമില്ല. നാളെ നേരം വെളുക്കുമ്പോ ഈ ചെത്തി കടപ്പുറത്ത് ഉടലോടെ ഒരു രജിസ്ട്രാറെ പിടിച്ചുകെട്ടിക്കൊണ്ടുവന്ന് നിർത്തിത്തരും ഈ ചെല്ലപ്പൻ എന്നാണ് നെഞ്ചിലടിച്ചുളള അയാളുടെ ആത്മവിശ്വാസം. പക്ഷെ കല്യാണദിവസം, മുഹൂർത്തത്തിനു തൊട്ടുമുമ്പ് പിരിയാൻ തീരുമാനിച്ച സുധിയും മിനിയും കടപ്പുറത്തിന്റെ കാരണവരെ തോൽപ്പിച്ചു. കല്യാണ ഉടുപ്പ് മണ്ഡപത്തിൽ കൊണ്ടുവച്ച് ഞങ്ങൾക്ക് ഈ കല്യാണം വേണ്ടെന്നു ഇരുവരും പറയുമ്പോൾ ഒന്നും മനസ്സിലാകാതെ പകച്ചുനിൽക്കുന്ന ചെല്ലപ്പനെ കാണാം. ആ പകപ്പു മാറാൻ രണ്ടു നിമിഷം കൂടി വേണ്ടിവന്നു. നിങ്ങളെപ്പോലെ തന്നെ ഞങ്ങളെ സ്നേഹിക്കുന്ന കുറെ നല്ലവരുണ്ട് ഞങ്ങളുടെ വീടുകളിൽ. അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സന്തോഷം ഇതേയുളളൂ, ഇതുമാത്രമേയുളളൂ... മിനി ഇതു പറഞ്ഞുതീരുമ്പോൾ വെളിവുവീണതുപോലെ ചെല്ലപ്പന്റെ മുഖം പിടഞ്ഞുപൊന്തുന്നതു കാണാം.
ആ അച്ഛന്റെ ഇഷ്ടത്തിനെതിരു നിൽക്കുമോ ചിപ്പായി എപ്പോഴെങ്കിലും? പറ... എന്ന മിനിയുടെ ചോദ്യം. കളളിന്റെ കെട്ടിറങ്ങാൻ മോരു കുടിച്ചതുപോലെ ചെല്ലപ്പന്റെ മുഖം തെളിഞ്ഞുവരുമ്പോൾ മകൻ ചിപ്പായി ഉത്തരമില്ലാതെ നിൽപ്പുണ്ട്. ദേ നിങ്ങൾ രണ്ടുപേരും വളർന്നിരിക്കുകയല്ലേ അങ്ങ് ആകാശത്തോളം... ചെല്ലപ്പനെക്കാൾ വലിയ വൈകാരികത അവിടെ ആർക്കുമുണ്ടായിരുന്നില്ല. അയാളത് പതിഞ്ഞതും ഉറച്ചതുമായ ശബ്ദത്തിൽത്തന്നെ പറഞ്ഞുതീർത്തു. ആ ഭാഷയിൽ അനുഗ്രഹത്തിന്റെ മധുരത്തിനൊപ്പം കുറ്റബോധത്തിന്റെ ഉമിത്തീ നീറ്റലുമുണ്ടായിരുന്നു. അപ്പോൾ അയാളെ തമാശക്കാരനായി തോന്നിയതേയില്ല. ഒരിക്കലും തമാശ പറയാത്ത ഒരാളായി തോന്നിയോ ആവോ?
മകന്റെ പ്രായമുളള മംഗലശ്ശേരി നീലകണ്ഠന്റെ കാര്യസ്ഥൻ വാര്യർ വലിയ ഭാരങ്ങൾ ചുമന്ന മനുഷ്യനായിരുന്നു. പണം നിത്യച്ചെലവിനു വാര്യരുടെ കയ്യിലുണ്ടാവുമെന്നാണ് നീലാണ്ടൻ തന്നെ പറയുക. വിൽക്കാനിനിയെത്ര പുരയിടം ബാക്കിയുണ്ടെന്ന് വാര്യർക്കേ അറിയൂ. അതിലും വലിയ രഹസ്യങ്ങൾ സൂക്ഷിച്ചുവച്ച വാര്യരെ നീലാണ്ടനുപോലും അറിയില്ല. നീലാണ്ടൻ ചോദിച്ചിട്ടും അയാൾ അതു പറഞ്ഞുമില്ല. നീലാണ്ടൻ യൗവനത്തിന്റെ തിളപ്പായിരുന്നു. സമ്പന്നതയുടെയും ആഢ്യത്വത്തിന്റെയും അഹന്തയുടെയും പ്രകടരൂപമായിരുന്നു. ഒപ്പം നിന്ന വാര്യരോ? അയാൾ നീലാണ്ടനു വേണ്ടി തല്ലുകൊണ്ടിട്ടുണ്ട്. അയാളെ ഉപദേശിച്ചു തോറ്റുപോയിട്ടുണ്ട്. നീലാണ്ടൻ അവസാന യാത്രയ്ക്കിറങ്ങുമ്പോഴും വാര്യർ വിലക്കുന്നുണ്ട്. അപ്പോൾ വാര്യർ വകയുണ്ടൊരു പ്രഖ്യാപനം, എന്താ ഇപ്പോ ഇയാളോടു പറയ്യാ... അങ്ങട് തീരുമാനിക്കുക... അങ്ങട് പോവ്വാ...
ഇതല്ല... ഇതിനപ്പുറം ചാടിക്കടക്കുമെന്നു പ്രഖ്യാപിച്ച കെ കെ ജോസഫ്, താൻ ചികിത്സിക്കുന്ന ഓരോ പട്ടിയിലും പൂച്ചയിലും പശുവിലും പോത്തിലും സ്വന്തം അച്ഛന്റെ മുഖം കാണുന്നുവെന്നു പ്രഖ്യാപിച്ച ഡോ. പശുപതി, മ്യൂസിക് വിത്ത് ബോഡി മസിൽസ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര, മുല്ലപ്പെരിയാറിൽ നിന്ന് വെളളം മോഷ്ടിച്ചെന്നറിഞ്ഞ കാലം മുതൽ ഒരു തമിഴനെ കൈയിൽ കിട്ടാൻ കാത്തിരുന്ന കേരളസിംഹം ശ്രീമാൻ ജോണി വെളളിക്കാലാ, ഹിന്ദിയറിയാത്ത ചമ്പൂർണ ചാച്ചരതക്കാരെ ആക്ഷേപിച്ചുവിട്ട യശ്വന്ത് സഹായിജി... ഇവരൊക്കെ പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങൾ മലയാളിയുടെ സാമൂഹ്യജിവിത പരിസരത്തുണ്ട്. അവയിലെ രാഷ്ട്രീയം പാകപ്പെട്ടും പട്ടും പറഞ്ഞും ഈ അന്തരീക്ഷത്തിലുണ്ട്, പലപ്പോഴും അവയ്ക്ക് ആഗോളഭാഷയുമുണ്ട്. അതുകൊണ്ട് ഓർക്കാൻ നമുക്കിനിയെന്തൊക്കെയുണ്ടെന്നു നോക്കാം, വിട്ടുപോയവർ കൊണ്ടുപോകാത്തവയെന്തൊക്കെയെന്നും!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...