99 Moons Review: പ്രണയവും ലൈംഗികതയും തമ്മിലെ വടംവലി; 99 മൂൺസ് റിവ്യൂ

99 Moons Review: വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിൽ ജീവിക്കുന്ന രണ്ട് പേർ തമ്മിലുള്ള അടുപ്പവും ബന്ധവുമാണ് 99 മൂൺസിന്റെ പ്രമേയം.  

Written by - Ajay Sudha Biju | Last Updated : Dec 13, 2022, 04:58 PM IST
  • ലൈംഗികതയുടെയും പ്രണയത്തിന്‍റെയും ചില തലങ്ങൾ ലോകത്തോട് വിളിച്ചുപറയുന്ന സ്വിസ് - ജർമ്മൻ ചിത്രമാണ് 99 മൂൺസ്.
  • ജാൻ ഗാസ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • ബിഗ്ന, ഫ്രാങ്ക് എന്ന രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 99 മൂൺസിന്‍റെ കഥ.
99 Moons Review: പ്രണയവും ലൈംഗികതയും തമ്മിലെ വടംവലി; 99 മൂൺസ് റിവ്യൂ

ലോകമെമ്പാടും ലൈംഗികതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറുകയും, വിഷയത്തിൽ തുടരെ ചർച്ച നടക്കുകയും ചെയ്യുന്ന കാലമാണിത്. 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്നു പ്രഖ്യാപിച്ച മായാനദിയിലെ ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തെ സന്ദർഭവശാൽ ഓർക്കാം. ലൈംഗികദാരിദ്ര്യം നേരിടുന്ന കേരള സമൂഹത്തിൽപ്പോലും മാറ്റത്തിന്‍റെ അലയൊലികൾ കണ്ടുതുടങ്ങിയെങ്കിൽ സാമൂഹിക പുരോഗതിയിൽ ഏറെ മുന്നിലുളള  ജനസമൂഹങ്ങളിൽ  പ്രണയം, വിവാഹം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ എത്രമാത്രം വൈവിധ്യമുളളതായിരിക്കും. ലൈംഗികതയുടെയും പ്രണയത്തിന്‍റെയും ചില തലങ്ങൾ ലോകത്തോട് വിളിച്ചുപറയുന്ന സ്വിസ് - ജർമ്മൻ ചിത്രമാണ് 99 മൂൺസ്. ജാൻ ഗാസ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ്ന, ഫ്രാങ്ക് എന്ന രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 99 മൂൺസിന്‍റെ കഥ. 

ശാസ്ത്രജ്‍ഞയായ ബിഗ്നയ്ക്ക് തന്‍റേതായ ചില പ്രത്യേക ലൈംഗിക സങ്കൽപ്പങ്ങളും താല്പര്യങ്ങളുമുണ്ട്. ബാറിലെ ജീവനക്കാരനായ ഫ്രാങ്ക് ആകട്ടെ സുഹൃത്തുക്കളോടൊപ്പം ജീവിതം ആസ്വദിച്ചുനടക്കുന്ന വ്യക്തിയാണ്. ഇത്തരത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ബിഗ്നയ്ക്കും ഫ്രാങ്കിനുമിടയിൽ ഉണ്ടാകുന്ന ഒരു പ്രത്യേക അടുപ്പവും ബന്ധവുമാണ് ചിത്രത്തിൻ്റെ പ്രമേയം. പ്രണയവും ലൈംഗികതയും തമ്മിലുള്ള വലിയൊരു വടംവലി ഈ ബന്ധത്തിൽ കാണാം. എന്താണ് പ്രണയവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസമെന്ന ചോദ്യം ജനിപ്പിക്കാൻ  സംവിധായകന് സാധിക്കുന്നുണ്ട്. 

Also Read: Hunt Movie: ഭാവനയും അദിതിയും മുഖ്യ വേഷങ്ങളിൽ; ഷാജി കൈലാസിന്റെ 'ഹണ്ട്' തുടങ്ങുന്നു

 

ബിഗ്നയും ഫ്രാങ്കും സമൂഹത്തിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളുടെ പ്രതിനിധികളാണ്. ചിലർ ലൈംഗികത ശരീര സുഖത്തിനുള്ള ഉപാധിയായി കാണുകയും പ്രണയത്തിന് പവിത്രമായ ഒരു സ്ഥാനം കൊടുക്കുകയും ചെയ്യുന്നുണ്ട്. മറ്റു ചിലർ പ്രണയത്തെയും ലൈംഗികതയെയും വേർതിരിച്ചു കാണാറില്ല. ഇത്തരക്കാർക്ക് രണ്ടും ഒന്നുതന്നെയാണ്. ഈ രണ്ട് അഭിപ്രായങ്ങൾക്കും ചിത്രം സ്ഥാനം കൊടുക്കുന്നുണ്ട്. ഏതെങ്കിലും ഒന്ന് ശരി, മറ്റൊന്ന് തെറ്റ് എന്നു പറയാതെ രണ്ട് കാഴ്ച്ചപ്പാടുകളെയും അംഗീകരിച്ചുകൊണ്ടുള്ള സിനിമയുടെ അവതരണമാണ് 99 മൂൺസിൽ ഏറ്റവും ആകർഷകം.  

പ്രധാന കഥാപാത്രങ്ങളായ ബിഗ്നയെയും ഫ്രാങ്കിനെയും അവതരിപ്പിച്ച വാലന്റീന ഡി പേസ്, ഡൊമിനിക് ഫെൽമാൻ എന്നിവരുടെ ആദ്യ ചിത്രമാണ് ഇത്. ഇരുവരുടേതും അവിസ്മരണീയമായ പ്രകടനവുമാണ്. 99 മൂൺസിൽ പ്രാധാന്യം കൊടുത്തിട്ടുള്ളത് സ്ത്രീയുടെ ലൈംഗിക താല്പര്യങ്ങൾക്കാണ്. അത്തരം രംഗങ്ങളിൽ സ്ത്രീക്ക് മേൽക്കൈ നൽകി കാണിക്കുന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News