ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍റെ ശുപാര്‍ശ.
ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിലെ വൈദികര്‍ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്ന വനിതാ കമ്മീഷന്‍റെ നിരീക്ഷണത്തിലാണ് കേസ് അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ശുപാര്‍ശ വനിതാ കമ്മീഷന്‍ സമര്‍പ്പിച്ചത്.
കുമ്പസാരം നിരോധിക്കണം
കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കുമ്പസാരത്തിലൂടെ വനിതകള്‍ ബ്ലാക്മെയില്‍ ചെയ്യപ്പെടുന്നതായും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്നും രേഖ ശര്‍മ്മ ആരോപിച്ചു.
വൈദികര്‍ക്കെതിരായ കേസുകളില്‍ പൊലീസ് അന്വേഷണത്തിന് വേഗത പോരെന്നും, അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.