തൃശൂർ: സ്വർണ്ണ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇ.ഡി അന്വേഷണം പൂർണ്ണമാവുന്നതോടെ പിണറായിക്ക് കുരുക്ക് വീഴുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച യുവ ജാഗ്രത റാലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 164 സ്റ്റേറ്റ് മെന്റ് പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്ന കുറ്റസമ്മത മൊഴി നൽകിയിട്ടും കളങ്കമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമ നടപടിക്ക് മുതിരാത്തത്.
വിമർശകരെ രാജ്യദ്രോഹ കുറ്റം ചുമത്തി തുറങ്കിലടക്കുന്ന മോഡിയുടെ സമീപനമാണ് അന്വേഷണ ഏജൻസികളെ കളി പാവയാക്കി പിണറായിയും പയറ്റുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനായി സർക്കാരിന് പോലീസ് സേനയിൽ സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തേണ്ട അവസ്ഥയിലാണ്. മോഡി ഭക്തിയും ഭയവും മൂലം പാർട്ടി കോൺഗ്രസിൽ പോലും ബി.ജെ പി യെ വിമർശിക്കാൻ കഴിയാത്ത പിണറായിയുടെ നിലപാടിന് കേരളം കനത്ത വില നൽകി കൊണ്ടിരിക്കുകയാണെന്നും ഇസ്മായിൽ പറഞ്ഞു.
യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി ആർ ഇബ്രാഹിം, നൗഫൽ കുഴിങ്ങര, അഷ്‌റഫ് ചോലയിൽ, ഷഹീർ ബ്ലാങ്ങാട്, പി എ അഷ്‌കർ, കബീർ ഫൈസി, അസ്‌ലം അണ്ടത്തോട്, ടി കെ ഷബീറലി, പി ഷംനാദ്, മുഹമ്മദ് നാസിഫ്, റഷാദ് വടക്കേകാട്, സാലിഹ് മണത്തല, ശമ്മാസ് ഒരുമനയൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ. എം.നൗഫൽ, ദേശീയ നിർവാഹസമിതി അംഗം ഷിബു മീരാൻ, ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ജില്ലാ ഭാരവാഹികളായ എ.വി അലി, അഷ്‌കർ കുഴിങ്ങര, അസീസ് മന്ദലാംകുന്ന്, ഷജീർ പുന്ന, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ആക്ടിങ് പ്രസിഡണ്ട് മുഹമ്മദുണ്ണി മന്ദലാംകുന്ന്, സെക്രട്ടറി ഇൻചാർജ് ലത്തീഫ് പാലയൂർ, ട്രഷറർ വി. അബ്ദുൽ സലാം കടവിൽ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...