ഇടുക്കി: ജനവാസമേഖലകളിൽ നിന്നും കാട്ടാനകളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിക്കുമ്പോഴും മൂന്നാറിലെ തോട്ടം മേഖലകളിൽ കാട്ടാന ശല്യം തുടരുന്നു. കടലാർ ഈസ്റ്റ് ഡിവിഷനിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട തകർത്ത് അരി തിന്നു. ചൊക്കനാട് മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ ക്ഷേത്രവും നശിപ്പിച്ചു.
ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടം വരുത്തുന്ന കാട്ടാനകളെ തുരത്താൻ നടപടി ഉണ്ടാകുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും മൂന്നാറിലെ തോട്ടം മേഖലകളിൽ കാട്ടാന ശല്യം അവസാനിക്കുന്നില്ല. കടലാർ ഈസ്റ്റ് ഡിവിഷനിലും ചൊക്കനാട് മേഖലയിലും കാട്ടാനയുടെ ആക്രമണം ഉണ്ടായി. കൂട്ടമായി ഇറങ്ങിയ കാട്ടാനകൾ വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്.
കാടു കയറാൻ കൂട്ടാക്കാതെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. സന്ധ്യാ സമയം മുതൽ പ്രദേശവാസികൾ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. വേനൽ കനക്കുന്നതോടെ കാട്ടാന ശല്യം വർധിക്കുമെന്ന ആശങ്കയാണ് പ്രദേശത്തെ ജനങ്ങൾ പങ്കുവയ്ക്കുന്നത്.
ഭീതിയൊഴിയാതെ ജനങ്ങൾ; ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കൊമ്പനുൾപ്പടെ മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലയിലെത്തിയത്. ധോണി മായാപുരം, വരക്കുളം ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ധോണി എന്ന പി.ടി. ഏഴാമനെ കൂട്ടിലാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ധോണിയിലുള്ള ജനങ്ങൾക്ക് ഇപ്പോഴും ഉറക്കമില്ലാത്ത രാത്രികളാണ്.
കാട്ടാനക്കൂട്ടത്തിന്റെ പരാക്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്. ഒരാഴ്ചയായി ധോണി, മായാപുരം, ചേറാട്, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം സ്വതന്ത്ര സഞ്ചാരം നടത്തുകയാണ്. അട്ടപ്പാടി സരസിമുക്കിലും കഴിഞ്ഞ ദിവസം കാട്ടാന ശല്യമുണ്ടായി. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
മൂന്ന് ദിവസം മുൻപാണ് മായാപുരത്ത് ക്വാറിയുടെ മതിൽ കാട്ടാനകൾ തകർത്തത്. മായാപുരം മേരി മാതാ ക്വാറിയുടെ സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ക്വാറിയുടെ ചുറ്റുമതിലും സുരക്ഷാ ജീവനക്കാരന്‍റെ മുറിയുടെ ചുറ്റുമതിലും കാട്ടാനകൾ തകർത്തു. കാട്ടാനകളുടെ ചിന്നം വിളി കേട്ടാണ് നാട്ടുകാർ എത്തിയത്. ക്വാറിക്ക് തൊട്ടടുത്തുള്ള പറമ്പിലെ പന മറിച്ചിട്ട് കഴിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ ദ്രുത കർമ സേനയും നാട്ടുകാരും ചേർന്ന് ബഹളം വെച്ച് കാട്ടാനക്കൂട്ടത്തെ പ്രദേശത്ത് നിന്നും തുരത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...