ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഡബ്ല്യുസിസി പരസ്യമായി ആവശ്യപ്പെട്ടു വരികയാണ്. സർക്കാരിനെതിരെ ഉൾപ്പെടെ ഈ കാര്യത്തിൽ ഡബ്ല്യുസിസി വിമർശനവും ഉന്നയിക്കുന്നുണ്ട്. ഇതിനിടയിലാണ് വെളിപ്പെടുത്തലുമായി മന്ത്രി പി രാജീവ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടതായി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മന്ത്രി പറയുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രി വെളിപ്പെടുത്തുന്നത്. ഇതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടത്.
അതേസമയം കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്‌ട് പ്രകാരമുള്ള അന്വേഷണ കമ്മീഷനല്ല ഹേമ കമ്മിറ്റി എന്നതിനാല്‍, അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല എന്നും മന്ത്രി പറയുന്നുണ്ട്. നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയ സമിതിയുടെ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണ്. അത് സാംസ്‌കാരിക വകുപ്പിന് കൈമാറിയശേഷം നടപടി സ്വീകരിക്കും. വേണമെങ്കില്‍ പുതിയ നിയമത്തെക്കുറിച്ചും പരിശോധിക്കാവുന്നതാണെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...